വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കെതിരേ ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടാണ് യുഎസ് ഭരണകൂടം വ്യക്തമാക്കിയത്.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. നിർദേശിക്കുന്ന ഉപരോധ നടപടികൾക്ക് ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്നാണ് അമേരിക്ക നൽകിയിരിക്കുന്ന പേരെന്നും അദ്ദേഹം അറിയിച്ചു.
ഇറാനുമായി ഇടപാടുകൾ തുടരുന്ന രാജ്യങ്ങളുടെ നേതാക്കളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് സംസാരിച്ച് ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും ബെസന്റ് പറഞ്ഞു. അമേരിക്കയുടെ മുന്നറിയിപ്പിൽനിന്ന് ഒരു രാജ്യത്തിനും ഒഴിവാകാനാകില്ലെന്നും ഇറാനുമായി ഇടപാടുകൾ തുടരുന്നവർക്ക് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ പുതിയ നിലപാട് പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനെതിരായ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

