18 ദിവസമായി കാണാതായ 17കാരനായി അന്വേഷണം; കേരള പോലീസ് വാരണാസിയിൽ

കണ്ണൂർ: പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയുമായ ശിവസൂര്യ (17)യെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കി. ശിവസൂര്യയെ കണ്ടെത്താൻ കേരള പോലീസ് വാരണാസിയിലും പരിശോധന നടത്തും. വാരണാസിയിലെ പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

തലശേരി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നിലവിൽ ശിവസൂര്യയെക്കുറിച്ച് കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, നാട്ടുകാർ സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർഥിയെ കണ്ടെത്തുന്നതിനായി പ്രചാരണം നടത്തുന്നുണ്ട്.

ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതായത്. ഓൺലൈൻ ഗെയിമിന് അടിമപ്പെടുകയും പണം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ വാങ്ങിവച്ചതിലുള്ള ദേഷ്യത്തിലാണ് കുട്ടി വീടുവിട്ടതെന്നാണ് റിപ്പോർട്ട്. വീടുവിടുന്നതിന് മുമ്പ് എഴുതിവെച്ച കത്തിൽ കാശിയിലേക്ക് പോകുകയാണെന്നും അവിടെ ദൈവത്തോടൊപ്പം ജീവിതം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *