അനധികൃത വാഹന മോഡിഫിക്കേഷനെതിരേ കർശന നടപടി; ഓരോ മാറ്റത്തിനും 5,000 രൂപ പിഴ

തിരുവനന്തപുരം: അനധികൃത വാഹന രൂപമാറ്റങ്ങൾക്കെതിരേ നടപടി ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്. വാഹനത്തിൽ നിയമവിരുദ്ധമായി വരുത്തിയ ഓരോ മാറ്റത്തിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എംവിഡി നടപടികൾ കടുപ്പിക്കുന്നത്.

അനധികൃതമായി വാഹനത്തിൽ കൂട്ടിച്ചേർത്ത ഭാഗങ്ങൾ ഉടമകൾ തന്നെ നീക്കം ചെയ്തശേഷം വാഹനം എംവിഡിക്ക് മുന്നിൽ ഹാജരാക്കണമെന്ന് ഗതാഗത കമ്മീഷണർ നിർദേശിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും എല്ലാ ആർടിഒമാരും സെപ്റ്റംബർ മൂന്നിനകം സമർപ്പിക്കണം.

സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതിനായി നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്നും കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നിർദേശമുണ്ട്.

ആഫ്റ്റർമാർക്കറ്റ് ലൈറ്റുകൾ, ചുവപ്പ്-നീല ഫ്ലാഷർ ലൈറ്റുകൾ, വീൽ സ്പേസറുകൾ, വാഹനത്തിന്റെ ബോഡി ലൈനിന് പുറത്തേക്ക് തള്ളിനിൽക്കുന്ന വലിയതും വീതിയേറിയതുമായ വീലുകൾ, ആഫ്റ്റർമാർക്കറ്റ് എക്സോസ്റ്റുകൾ തുടങ്ങിയ നിയമവിരുദ്ധ മാറ്റങ്ങൾക്കെതിരേ കർശന നടപടി വേണമെന്നാണ് ഹൈക്കോടതി നിർദേശം. ഇത്തരം രൂപമാറ്റങ്ങൾ റോഡിലെ മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സംസ്ഥാനത്ത് അനധികൃത വാഹന മോഡിഫിക്കേഷനുകൾക്കെതിരായ പരിശോധനയും നടപടികളും എംവിഡി ശക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *