കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ

ന്യൂഡൽഹി: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പ്രഖ്യാപിച്ചു. ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ചർച്ചകൾക്ക് ഒടുവിലായിരുന്നു പ്രഖ്യാപനം.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ വ്യാപകമായ കൂടിയാലോചനകൾ നടന്നു. വി ഡി സതീശനും കെ സി വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകളാണ് ആദ്യം പരിഗണനയിൽ ഉണ്ടായിരുന്നത്. തുടർന്ന് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് എം എൽ എമാരുടെ അഭിപ്രായം തേടി കോൺഗ്രസ് ഹൈക്കമാൻഡ് പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു.

ഇന്ന് ഇന്ദിരാഭവനിൽ നടക്കാനിരിക്കുന്ന നിയമസഭ കക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകും എന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചത്. എന്നാൽ രാവിലെ കേസി വേണുഗോപാലുമായി ഡൽഹിയിൽ രാഹുൽഗാന്ധി ചർച്ച നടത്തിയിരുന്നു. ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രമേശ് ചെന്നിത്തലയെ ഫോണിൽ ബന്ധപ്പെടുകയും തീരുമാനം അറിയിക്കുകയും ചെയ്തു. ഘടകകക്ഷികളുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് കോൺഗ്രസ് നേതാക്കൾ ചേർന്ന് നടത്തിയ പത്രസമ്മേളനത്തിൽ ആണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിൽ നിന്നുള്ള നേതാവായ വി ഡി സതീശൻ ദീർഘകാലമായി കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ്. നിയമസഭയിൽ പ്രതിപക്ഷ നേതാവായിരിക്കെ സർക്കാരിനെതിരായ ശക്തമായ നിലപാടുകളും ജനകീയ വിഷയങ്ങളിലുള്ള ഇടപെടലുകളും ശ്രദ്ധ നേടിയിരുന്നു.

എഐസിസി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ നേതാക്കളായ ദീപ ദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക്, ജയറാം രമേശ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *