കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; ഭവന നിർമ്മാണ ധനസഹായം ഉയർത്തി മന്ത്രിസഭാ യോഗം

തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുത്ത നടപടികളിൽ വീഴ്ച സംഭവിച്ചെന്ന ആരോപണത്തിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. സുധാപിള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ, റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

സാമൂഹിക ക്ഷേമവും കരുതലും ഉറപ്പാക്കുന്ന സുപ്രധാന തീരുമാനങ്ങളും യോഗത്തിലുണ്ടായി. പാലക്കാട് നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാനും ഇളയ മകൾ അഖിലയ്ക്ക് ഉപരിപഠനത്തിനായി പ്രത്യേക ധനസഹായം അനുവദിക്കാനും തീരുമാനമായി. കൂടാതെ, പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ലൈഫ് ഭവന നിർമ്മാണ ധനസഹായം വർദ്ധിപ്പിച്ചു. പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള സഹായധനം നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയായും, പട്ടികവർഗ്ഗ വിഭാഗത്തിനുള്ള തുക ആറ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷം രൂപയായുമാണ് ഉയർത്തിയത്.

പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനായി കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പുരുഷ-വനിതാ നിയമന അനുപാതം നിലവിലെ 9:1 എന്നതിൽ നിന്ന് 7:3 ആയി പുതുക്കി നിശ്ചയിച്ചു. സേനയിൽ പുനർവിന്യസിച്ച 86 എസ്.ഐ തസ്തികകളിൽ 48 ഒഴിവുകൾ പി.എസ്.സിക്ക് സ്ഥിരം ഒഴിവുകളായി റിപ്പോർട്ട് ചെയ്യാനും ധാരണയായി. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യയ്ക്കായി രണ്ട് വെള്ളി മെഡലുകൾ നേടിയ കായികതാരം വിഭർഷ കെ. വിനോദിന് സർക്കാർ ജോലി നൽകും.

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗ (ഒ.ബി.സി) പട്ടികയിൽ മാറ്റങ്ങൾ വരുത്തുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാർശയനുസരിച്ച് 1958-ലെ കെ.എസ് & എസ്.എസ്.ആർ പാർട്ട് 1 ഷെഡ്യൂൾ ലിസ്റ്റ് 3-ൽ, എൻട്രി 55-ൽ ‘പട്ടാരിയ’ വിഭാഗത്തെയും എൻട്രി 62-ൽ ‘ശാലിയ’ വിഭാഗത്തെയും കൂട്ടിച്ചേർക്കും. കൂടാതെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനുള്ള ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *