സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം; ബിൽ നാളെ നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും ഗണ്യമായി വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കും.

പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ എം.എൽ.എമാരുടെ പ്രതിമാസ വേതനം 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയരും. ശമ്പള പരിഷ്കരണം സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പഠന റിപ്പോർട്ടിലെ ശുപാർശകൾ പൂർണ്ണമായും പരിഗണിച്ചാണ് സർക്കാരിന്റെ ഈ നീക്കം. നിലവിലെ ജീവിതച്ചെലവ്, ഇന്ധനവില വർധനവ് എന്നിവ കണക്കിലെടുക്കുമ്പോൾ ജനപ്രതിനിധികളുടെ ശമ്പളവർധന അനിവാര്യമാണെന്ന് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2018-ലാണ് സംസ്ഥാനത്ത് ഇതിനുമുമ്പ് എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ പുതുക്കി നിശ്ചയിച്ചത്.

പഠന റിപ്പോർട്ട് അനുസരിച്ച് നിലവിലുള്ള ആനുകൂല്യങ്ങളിൽ മുപ്പത്തിയഞ്ച് ശതമാനം വരെ വർധനവാണ് വരുത്തുന്നത്. ഇതോടെ സിറ്റിങ് ഫീസ്, ചികിത്സാ പരിധി, ടെലഫോൺ ചാർജ്, യാത്രാബത്ത എന്നിവയിലും ആനുപാതികമായ വർധനയുണ്ടാകും. നിലവിൽ പ്രതിമാസ നിശ്ചിത അലവൻസ്, മണ്ഡലം അലവൻസ്, ടെലഫോൺ, ഇൻഫർമേഷൻ അലവൻസുകൾ, മിനിമം യാത്രാക്കൂലി, യാത്രാ കൂപ്പണുകൾ, ദിനബത്ത, ഭവന-വാഹന വായ്പകൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് എം.എൽ.എമാർക്ക് ലഭിച്ചുവരുന്നത്. മന്ത്രിമാർക്ക് അടിസ്ഥാന ശമ്പളത്തിന് പുറമെ ക്ഷാമബത്ത, മണ്ഡലം അലവൻസ്, പൂർണ ചികിത്സാ പരിരക്ഷ, ഔദ്യോഗിക വസതി, വാഹനം തുടങ്ങിയ സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. പുതിയ ബിൽ നിയമസഭ പാസാക്കുന്നതോടെ ആനുകൂല്യങ്ങളിലെ സമഗ്ര വർധന ഔദ്യോഗികമായി നടപ്പിലാകും.

Leave a Reply

Your email address will not be published. Required fields are marked *