സ്ത്രീകൾക്കെതിരെയുള്ള അതിക്രമം; റോയൽ കമ്മീഷൻ ആവശ്യത്തെ പരിഹസിച്ച് തള്ളിയ പ്രധാനമന്ത്രിക്കെതിരെ ഓസ്‌ട്രേലിയയിൽ വൻ ജനരോഷം

കാൻബറ: ഓസ്‌ട്രേലിയയിൽ സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക അതിക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ‘റോയൽ കമ്മീഷൻ’ രൂപീകരിക്കണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ പ്രധാനമന്ത്രി ആന്റണി ആൽബനീസിക്ക് എതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയരുന്നു. അടുത്തിടെ രണ്ട് സ്ത്രീകൾ കൂടി പങ്കാളികളാൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, റേഡിയോ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിലപാട് തികച്ചും വൈകാരികതയില്ലാത്തതും യാഥാർത്ഥ്യബോധമില്ലാത്തതുമാണെന്ന് സാമൂഹിക പ്രവർത്തകരും മാധ്യമങ്ങളും കുറ്റപ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്ച ടാസ്മേനിയയിലെ കാമ്പാനിയയിലുള്ള ഒരു ഗ്രാമീണ വസതിയിലും, മെൽബണിലെ വെരിബിയിലുമുള്ള വീടുകളിലും സമാനമായ രീതിയിൽ കൊലപാതകത്തിന് ശേഷം പ്രതികൾ ആത്മഹത്യ ചെയ്ത രണ്ട് ദാരുണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ടാസ്മേനിയയിൽ അറുപതുകളിലുള്ള ഒരു സ്ത്രീയും മെൽബണിൽ 29 വയസ്സുകാരിയുമാണ് കൊല്ലപ്പെട്ടത്. ഇതോടെ ഈ വർഷം മാത്രം ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം 27 ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് പ്രശസ്ത മുൻ നടി കൂടിയായ റേഡിയോ അവതാരക ക്രിസ്റ്റി ഹെയ്‌സ് (Christie Hayes) തിങ്കളാഴ്ച ഹോബാർട്ടിലെ റേഡിയോ പരിപാടിയിൽ പ്രധാനമന്ത്രിയോട് റോയൽ കമ്മീഷൻ ആവശ്യത്തെക്കുറിച്ച് ചോദിച്ചത്.

“ഇവിടെ എല്ലാ കാര്യങ്ങൾക്കും റോയൽ കമ്മീഷൻ വേണമെന്ന ആവശ്യമുയരാറുണ്ട്” എന്ന് ആൽബനീസി പരിഹാസത്തോടെ മറുപടി നൽകിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന്, “സ്ത്രീകളുടെ ജീവൻ രക്ഷിക്കുന്നത് എല്ലാറ്റിനേക്കാളും പ്രധാനമല്ലേ” എന്ന് ക്രിസ്റ്റി ഹെയ്‌സ് തിരിച്ചടിച്ചപ്പോൾ, “അതെ, പക്ഷേ അഭിഭാഷകർക്ക് പണം സമ്പാദിച്ചു കൊടുക്കുക എന്നതല്ലാതെ ഒരു റോയൽ കമ്മീഷൻ കൊണ്ട് എന്താണ് നേട്ടമെന്ന് നമ്മൾ ചിന്തിക്കണം” എന്നായിരുന്നു ആൽബനീസിയുടെ മറുപടി. പ്രധാനമന്ത്രിയുടെ ഈ അലസമായ പ്രതികരണം സ്ത്രീകളുടെ മരണങ്ങളെ എത്രമാത്രം നിസ്സാരമായാണ് രാജ്യം ഭരിക്കുന്നവർ കാണുന്നത് എന്നതിന്റെ തെളിവാണെന്നും, തന്റെ അഭിമുഖത്തിന് ശേഷം ദുരന്തത്തിന്റെ വ്യാപ്തി ഓർത്ത് താൻ വിറച്ചുപോയെന്നും ക്രിസ്റ്റി ഹെയ്‌സ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *