ഹോബാർട്ട്: ശരീരത്തിൽ അമ്പ് തറച്ച നിലയിലുള്ള വാലബിയെ (ചെറിയ കംഗാരു വർഗ്ഗത്തിൽപ്പെട്ട മൃഗം) ഓസ്റ്റിൻസ് ഫെറിക്ക് സമീപം കണ്ടെത്തി. അമ്പേറ്റ മൃഗം പ്രദേശത്ത് ഭയന്നോടി നടക്കുന്നതായാണ് വിവരം. സമീപ ആഴ്ചകളിലായി തെക്കൻ ടാസ്മാനിയയിൽ അമ്പുകളോ ഡാർട്ടുകളോ ഉപയോഗിച്ച് ആക്രമിക്കപ്പെട്ട കുറഞ്ഞത് അഞ്ച് പ്രാദേശിക ജീവികളിൽ ഒന്നാണിത്.
ഹോബാർട്ട് മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശരീരത്തിൽ അമ്പ് തറച്ചുകിടക്കുന്നതിനാൽ മുറിവിൽ അണുബാധയുണ്ടായി വാലബി വേദനാജനകമായി മരണപ്പെടാൻ സാധ്യതയുണ്ടെന്ന് മൃഗസംരക്ഷണ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. വാലബിയെ കണ്ടെത്തി അടിയന്തര ചികിത്സ നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ടാസ്മാനിയയിൽ വില്ലും അമ്പും ഉപയോഗിച്ചുള്ള നായാട്ട് പൂർണ്ണമായും നിയമവിരുദ്ധമാണ്. പ്രതിരോധമില്ലാത്ത വന്യജീവികൾക്ക് നേരെയുള്ള ഇത്തരം ക്രൂരമായ വേട്ടയാടലുകൾ കായികവിനോദമല്ലെന്നും, പ്രാദേശിക വന്യജീവികളെ ആക്രമിക്കുന്നവർക്കെതിരെ നിർബന്ധിത ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്.

