പെർത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനടിയിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പെർത്ത്: സബർബൻ മേഖലയായ കാനിംഗ് വെയ്‌ലിൽ റോഡ് പെട്ടെന്ന് വൻ ഗർത്തമായി ഇടിഞ്ഞുതാഴ്ന്ന് കാർ കുഴിയിലേക്ക് പതിച്ചെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഗേറ്റ്‌വേ ബൊളിവാർഡിന് സമീപമുള്ള ദ ബ്രിഡ്‌ജ്‌വേയിലാണ് സംഭവം.

പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു. ഇതിലേക്ക് കാർ പ്രവേശിച്ചതിന് പിന്നാലെ അടിയിലെ റോഡ് പെട്ടെന്ന് ഇടിഞ്ഞു താഴുകയായിരുന്നു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് സമീപത്തെ പത്തോളം വീടുകളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. കാർ കുഴിയിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്നതിന് മുന്നോടിയായി പ്രദേശത്തെ ഗ്യാസ് പൈപ്പ്‌ലൈൻ സുരക്ഷ മുൻനിർത്തി വേർപെടുത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

അടിയന്തര അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ സമീപവാസികൾക്ക് വിതരണം ചെയ്യുന്ന വെള്ളത്തിൽ നേരിയ നിറവ്യത്യാസം ഉണ്ടായേക്കാമെന്ന് അധികൃതർ അറിയിച്ചു. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായതെങ്കിലും, റോഡുകൾക്കടിയിലെ കാലപ്പഴക്കം ചെന്ന അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയെക്കുറിച്ചും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനെക്കുറിച്ചും ജനങ്ങൾക്കിടയിൽ വലിയ ആശങ്കയും പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *