യുദ്ധം യുക്രെയിനെ മാറ്റിമറിച്ചു; റഷ്യയെ വിറപ്പിച്ച് യുക്രെയ്ന്റെ ‘ആർമി ഓഫ് ഡ്രോൺസ്’

റഷ്യയുമായുള്ള യുദ്ധം യുക്രെയ്ന്റെ പ്രതിരോധ തന്ത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പരമ്പരാഗത ആയുധങ്ങളെ ആശ്രയിക്കുന്നതിൽ നിന്ന് മാറി ഡ്രോൺ സാങ്കേതികവിദ്യയെ കേന്ദ്രീകരിച്ചുള്ള യുദ്ധരീതിയിലേക്കാണ് യുക്രെയ്ൻ മാറിയത്. സൈനികരുടെ എണ്ണത്തിലും ആയുധശേഷിയിലും റഷ്യയേക്കാൾ പിന്നിലായിരുന്ന സാഹചര്യത്തിൽ ഈ തന്ത്രമാണ് യുക്രെയ്ന്റെ പ്രധാന കരുത്തായി മാറിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2022-ൽ റഷ്യ സമ്പൂർണ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ, വിദേശസഹായം മാത്രം ആശ്രയിച്ച് യുദ്ധം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് തിരിച്ചറിഞ്ഞ യുക്രെയ്ൻ ആഭ്യന്തര ഡ്രോൺ നിർമ്മാണത്തിന് മുൻഗണന നൽകി. ചെറുകിട ടെക് കമ്പനികൾ, സർവകലാശാലകൾ, എൻജിനീയർമാർ എന്നിവരെ ഉൾപ്പെടുത്തി രാജ്യവ്യാപകമായി ഡ്രോൺ വികസനവും നിർമ്മാണവും പ്രോത്സാഹിപ്പിച്ചു. ആദ്യഘട്ടത്തിൽ തുർക്കിയിൽ നിന്ന് വാങ്ങിയ ഡ്രോണുകളാണ് യുക്രെയ്ൻ ഉപയോഗിച്ചത്. പിന്നീട് ചെലവ് കുറഞ്ഞ എഫ്പിവി (FPV) ആക്രമണ ഡ്രോണുകൾ, നിരീക്ഷണ ഡ്രോണുകൾ, ദീർഘദൂര ആക്രമണ ഡ്രോണുകൾ, സമുദ്ര ഡ്രോണുകൾ എന്നിവ യുദ്ധത്തിന്റെ ഭാഗമായി വ്യാപകമായി വിനിയോഗിച്ചു.

റഷ്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനും ആക്രമണങ്ങൾ നടത്താനും ഇവ നിർണായക പങ്കുവഹിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ‘ആർമി ഓഫ് ഡ്രോൺസ്’ പദ്ധതി വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും സമാഹരിച്ചു. അതോടൊപ്പം ഡ്രോൺ ഓപ്പറേറ്റർമാരെ പരിശീലിപ്പിക്കാൻ പ്രത്യേക കേന്ദ്രങ്ങളും ആരംഭിച്ചതോടെ യുദ്ധഭൂമിയിലെ ഡ്രോൺ വിന്യാസം കൂടുതൽ ശക്തിപ്പെട്ടു.

ഡ്രോണുകളുടെ വ്യാപക ഉപയോഗം യുക്രെയ്ൻ-റഷ്യ യുദ്ധത്തിലെ പോരാട്ടരീതിയെ തന്നെ മാറ്റിമറിച്ചുവെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. ആകാശ ഡ്രോണുകൾക്കൊപ്പം കരയിലൂടെ സഞ്ചരിക്കുന്ന ആളില്ലാ വാഹനങ്ങളും യുദ്ധത്തിലും വിതരണ ശൃംഖലയിലും പരിക്കേറ്റവരെ ഒഴിപ്പിക്കുന്ന ദൗത്യങ്ങളിലും കൂടുതൽ ഉപയോഗിക്കപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *