ഇമേജ് പ്ലാന്റില്‍ കെട്ടിക്കിടക്കുന്ന മാലിന്യ സംസ്‌കരണം വേഗത്തിലാക്കണം: ജില്ലാ കലക്ടർ

മലമ്പുഴ: മലമ്പുഴയിലെ ഇമേജ് പ്ലാന്റില്‍ കെട്ടിക്കിടക്കുന്ന ആശുപത്രിമാലിന്യം സംസ്‌കരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. സുധീര്‍ നിർദ്ദേശിച്ചു. പ്ലാന്റില്‍ നിന്നും മാലിന്യം ജല സ്രോതസു കളില്‍ കലരുന്നുവെന്ന പരാതിയെ തുടര്‍ന്ന് സംസ്കരണ കേന്ദ്രം സന്ദർശിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ ഐ.എം.എയുടെ ഉടമസ്ഥതയിലുള്ള ഇമേജ് പ്ലാന്റ് അധികൃതര്‍ക്ക് ഈ കർശന നിർദ്ദേശം നല്‍കിയത്. കെട്ടിക്കിടക്കുന്ന മാലിന്യം 180 ദിവസത്തിനുള്ളിൽ സംസ്കരിക്കണമെന്നും, പ്ലാന്റിന്റെ നിയന്ത്രിത ശേഷിയിൽ കൂടുതൽ മാലിന്യം ഇവിടെ എത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വിജനമായ സ്ഥലത്ത് മാലിന്യം കൂട്ടിയിടുമ്പോൾ അത് മൂടി സൂക്ഷിക്കണം. പ്ലാന്റിന്റെ അതിര്‍ത്തിയില്‍ നിന്ന് മാലിന്യം പുറത്ത് പോകുന്നില്ലെന്നും ജലസ്രോതസുകളില്‍ കലരുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. പ്ലാൻ്റിൽ നിന്നും പുറത്തേക്ക് പോകുന്ന പുകയിലൂടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ വ്യാപകമാകുന്നത് തടയണം. മാലിന്യ സംസ്‌കരണം വേഗത്തിലാക്കുന്നതിന് ഒരു ഇൻസിനറേറ്റർ കൂടി അനുവദിക്കാൻ അപേക്ഷ നല്‍കണമെന്നും കളക്ടർ പ്ലാന്റ് അധികൃതർക്ക് നിർദ്ദേശം നൽകി.

ആശുപത്രി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംസ്ഥാനത്തെ ഏക പ്ലാന്റാണ് മലമ്പുഴയിലേത്. വിവിധ ജില്ലകളിൽ നിന്നുള്ള മാലിന്യം ഈ പ്ലാന്റിലേക്കാണ് സംസ്‌കരണത്തിനായി എത്തിക്കുന്നത്. പ്ലാന്റിന് താങ്ങാവുന്നതിനുമപ്പുറം മാലിന്യം എത്തുന്നതിനാല്‍ സംസ്ഥാനത്ത് മറ്റിടങ്ങളിലും മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് നേരത്തെ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *