45 വർഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാറ്റിൽ വീണ്ടും ജലോത്സവം; ഓളപ്പരപ്പിൽ ആവേശം പകർന്ന് വള്ളംകളി

മൂവാറ്റുപുഴ: നീണ്ട 45 വർഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാർ വീണ്ടും ആവേശകരമായ ജലോത്സവത്തിന് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ‘ത്രിവേണിയോണം’ ആഘോഷങ്ങളുടെ ഭാഗമായാണ് മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിൽ വള്ളംകളി മത്സരങ്ങൾ അരങ്ങേറിയത്. നദിയുടെ ഇരുകരകളിലും തടിച്ചുകൂടിയ വൻ ജനാവലിയെ സാക്ഷിനിർത്തി, ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയോടെയാണ് ജലോത്സവത്തിന് വർണാഭമായ തുടക്കം കുറിച്ചത്.

ജലോത്സവത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ, നഗരസഭാ വൈസ് ചെയർമാൻ പി.എം. അബ്ദുൽ സലാം, ആർ.ഡി.ഒ വി.ഇ. അബ്ബാസ്, നഗരസഭാ കൗൺസിലർമാർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. 1981-ൽ നടന്ന വലിയ ജലമേളയ്ക്ക് ശേഷം ഇത്തരമൊരു മത്സരം പുനരാരംഭിക്കാൻ കഴിഞ്ഞത് നാടിന്റെ കൂട്ടായ്മയുടെ വിജയമാണെന്നും, ഇത് മൂവാറ്റുപുഴയുടെ വിനോദ-സാംസ്കാരിക രംഗത്തിന് പുതിയ ഉണർവ് നൽകുമെന്നും സംഘാടകർ വ്യക്തമാക്കി.

ചുണ്ടൻ വള്ളങ്ങളും മറ്റ് കളിവള്ളങ്ങളും അണിനിരന്ന മത്സരം ആറ് റൗണ്ടുകളിലായാണ് സംഘടിപ്പിച്ചത്. വാശിയേറിയ ഫൈബർ ചുണ്ടൻ ഫൈനൽ മത്സരത്തിൽ മഹാദേവിക്കാട് ഒന്നാം സ്ഥാനവും തത്വമസി രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഫൈബർ ചുണ്ടൻ ലൂസേഴ്സ് ഫൈനലിൽ വൈക ഒന്നാം സ്ഥാനവും തൃക്കുന്നപ്പുഴ രണ്ടാം സ്ഥാനവും നേടി. ഫൈബർ വെപ്പ് ഫൈനലിൽ സെന്റ് ആന്റണീസ് ഒന്നാമതെത്തിയപ്പോൾ പുത്തന്‍കണ്ടത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി

Leave a Reply

Your email address will not be published. Required fields are marked *