കേരളത്തിൽ പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്, രാത്രി ജാഗ്രതാനിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയോടെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തി ലെ മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേ സമയം,നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള ഇടത്തരം മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിച്ചേക്കും. മഴ കനക്കുന്നതോടെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *