കൊച്ചി: തിയറ്ററുകളിലെ കഫേകളിൽ അന്യായവില ഈടാക്കുന്നുവെന്ന പൊതുപരാതിയെ തുടർന്ന് എറണാകുളത്തെ പ്രമുഖ മൾട്ടിപ്ലക്സുകളിലും മറ്റ് തിയറ്ററുകളിലും ഉദ്യോഗസ്ഥ സംഘം മിന്നൽ പരിശോധന നടത്തി. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നിവയുൾപ്പെടെയുള്ള തിയറ്ററുകളിലാണ് ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സ്ക്വാഡ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ മൂന്ന് കഫേകൾക്കെതിരെ കേസെടുത്തു.
തിയറ്ററുകളിൽ അമിതവില ഈടാക്കുന്നുവെന്ന പരാതി ശരിയാണെന്ന് പരിശോധനാ സംഘം കണ്ടെത്തി. മൾട്ടിപ്ലക്സുകളിൽ പോപ്കോൺ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയിലേതിനേക്കാൾ അഞ്ചിരട്ടിയും സാധാരണ തിയറ്ററുകളിൽ രണ്ടിരട്ടിയും വരെ വില ഈടാക്കുന്നതായി വ്യക്തമായി. വില വളരെ കൂടുതലാണെന്ന് വ്യക്തമാക്കിയ സംഘം, ഇത് സംബന്ധിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് നൽകുകയാണെന്ന് കാണിച്ച് തിയറ്റർ മാനേജർമാർക്ക് നോട്ടീസ് നൽകി. പൊതുവിപണിയിലെ നിരക്കുകളുമായി പൊരുത്തപ്പെടുന്ന രീതിയിൽ വിലയിൽ മാറ്റം വരുത്തണമെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
വിലവിവരപ്പട്ടിക നിർദിഷ്ട രീതിയിൽ പ്രദർശിപ്പിക്കാത്തതിനും അളവിൽ കുറവ് നൽകിയതിനുമാണ് മൂന്ന് കഫേകൾക്കെതിരെ കേസെടുത്തത്. പലയിടങ്ങളിലും ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ മാത്രം വില വിവരങ്ങൾ അറിയുന്ന രീതിയാണുള്ളത്. ഇത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി സംഘം വിലയിരുത്തി. അതേസമയം, പരിശോധന നടത്തിയ എല്ലാ തിയറ്ററുകളിലും സൗജന്യ കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
രാവിലെ 11 മണിക്ക് ആരംഭിച്ച റെയ്ഡ് വൈകിട്ട് 4 മണി വരെ തുടർന്നു. എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ വി.ആർ. ഷാജി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സന്തോഷ് എൻ.സി., അസിസ്റ്റന്റ് കൺട്രോളർ വേണു കെ.ബി, താലൂക്ക് സപ്ലൈ ഓഫീസർ മറീന ജോൺ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ഗിരീഷ് മോൻ, രഞ്ജിത്ത് ബോസ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ഹണി ടി.എസ്, ഷാമിനി, സിനത്ത് എൻ.എ, ഫുഡ് സേഫ്റ്റി ഓഫീസർ ദിവ്യ കെ. ഡിനിഷ്യസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും കൂടുതൽ തിയറ്ററുകളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഉദ്യോഗസ്ഥ പരിശോധനയെ തുടർന്ന് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പോപ്കോൺ 99 രൂപ നിരക്കിൽ ലഭ്യമാക്കുമെന്നും സിനിമാ ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ നൽകുമെന്നും മൾട്ടിപ്ലക്സ് തിയറ്റർ മാനേജ്മെന്റുകൾ അറിയിച്ചിട്ടുണ്ട്.

