ഇടുക്കി: നീലക്കുറിഞ്ഞി പൂത്തുലഞ്ഞ ചൊക്രമുടിയിലേക്ക് വിനോദസഞ്ചാരികളുടെ വൻ ഒഴുക്ക് തുടരുന്ന സാഹചര്യത്തിൽ വനംവകുപ്പ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. സുരക്ഷയും ക്രമീകരണങ്ങളും മുൻനിർത്തി ഒരേസമയം ആയിരത്തിലധികം പേർ എത്തിയാൽ ബാക്കിയുള്ളവർക്ക് കാത്തുനിന്ന ശേഷമേ പ്രവേശനം അനുവദിക്കൂ. ഇതിനുപുറമെ, വൈകീട്ട് നാല് മണിക്ക് ശേഷം ആർക്കും മലമുകളിലേക്ക് പ്രവേശനം നൽകില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.
ഓരോ ദിവസവും സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായത്. അവധി ദിവസങ്ങളിൽ പതിനായിരത്തിലധികം ആളുകളാണ് ഇവിടേക്ക് എത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച മൂന്നാർ ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത വാഹനത്തിരക്കാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും തിരക്ക് കൂടുതൽ വർധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ അടിമാലി, മൂന്നാർ, ആനച്ചാൽ, പൂപ്പാറ, ദേവികുളം, മറയൂർ തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.

