സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് മുതിര്‍ന്ന പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കും: മുഖ്യമന്ത്രി

തൊടുപുഴ: സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് മുതിര്‍ന്ന പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കി സില്‍വര്‍ എക്കോണമി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് തൊടുപുഴ പാറക്കടവ് മോഡല്‍ സായംപ്രഭ ഹോമില്‍ സംഘടിപ്പിച്ച വയോജനദിനാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ‘ഹോണര്‍ എ ഹോം’ പദ്ധതിയുടെയും വയോജന അയല്‍പക്ക സഹായ ശൃംഖല പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

മുതിര്‍ന്ന പൗരന്മാരെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വിഭാഗമായി പരിഗണിക്കുന്ന സംസ്‌കാരത്തിന് തുടക്കമിടുകയാണ് വയോജന വകുപ്പ് രൂപീകരിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു സമൂഹം പരിഷ്‌‌കൃതമാണോ എന്ന് തിരിച്ചറിയുന്നത് ആ സമൂഹം മുതിര്‍ന്ന പൗരന്മാരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. മുതിര്‍ന്ന പൗരന്മാരെ നാടിനും സമ്പദ്‌വ്യവസ്ഥയ്ക്കും പ്രയോജനകരമായ രീതിയില്‍ മാറ്റുകയാണ് പ്രധാന ലക്ഷ്യം.

ഇതിനായി വയോജന ഡയറക്ടറേറ്റിനു പുറമേ ജില്ലാ ഓഫീസുകള്‍‍, മുഖ്യമന്ത്രി ചെയര്‍മാനായ ഗവേണിംഗ് കൗണ്‍സില്‍, സാങ്കേതിക ഉപദേശക സമിതി, ജില്ലാ കളക്ടര്‍ അധ്യക്ഷനായ സീനിയര്‍ സിറ്റിസണ്‍ സെല്‍, കെയര്‍ വര്‍ക്ക് ഫോഴ്സ് എന്നിവ നിലവില്‍ വരും. കെയര്‍ വര്‍ക്ക് ഫോഴ്സ് കോഴ്സ് അടുത്ത അധ്യയന വര്‍ഷത്തില്‍ ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും ഫെസിലിറ്റേഷന്‍ ഡെസ്‌കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേക പ്രിവിലേജും ഉറപ്പാക്കും. കൂടാതെ, മുതിർന്ന പൗരന്മാർക്ക് ലീഗല്‍ ഗ്യാരന്റി ഉറപ്പാക്കാന്‍ സമഗ്രമായ നിയമം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വകുപ്പിന്റെ ഔദ്യോഗിക ലോഗോയും വിവിധ പദ്ധതികളുടെ വെബ് പോര്‍ട്ടലും മുഖ്യമന്ത്രി ഓണ്‍ലൈനായി പ്രകാശനം ചെയ്തു. തുടര്‍ന്ന് വിവിധ സായംപ്രഭ ഹോമുകളിലെ അന്തേവാസികളുമായി അദ്ദേഹം ആശയവിനിമയം നടത്തി.

സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം പാറക്കടവ് സായംപ്രഭ ഹോമിലെ അമ്മമാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. മുട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് വൊളന്റിയര്‍മാരും ആഘോഷങ്ങളുടെ ഭാഗമായി. ചടങ്ങിൽ വാര്‍ഡ് കൗണ്‍സിലര്‍ നിഷ സോമന്‍‍, മുട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ് എന്‍എസ്എസ് കോ-ഓഡിനേറ്റര്‍ രാഖി റോയ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍‍ സുഷമ ജോയ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ദീപു എം.എന്‍. തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *