കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ 142 അടിയിൽ നിന്ന് ഒരടി പോലും ഉയർത്താൻ കേരളം അനുവദിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ നിലപാട് മുൻപും വ്യക്തമായി അറിയിച്ചിട്ടുള്ളതാണെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.
അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, സുപ്രീം കോടതി നിർദേശിച്ച പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളും ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഡാം സേഫ്റ്റി അതോറിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാനും ബേബി ഡാമിന്റെ ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള സുപ്രീം കോടതി നിർദേശങ്ങൾ നടപ്പാക്കാനും തമിഴ്നാട് തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
142 അടി ജലനിരപ്പ് സുപ്രീം കോടതി അംഗീകരിച്ച നിലപാടാണെന്നും അതിന് വിരുദ്ധമായി പ്രവർത്തിക്കാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. തമിഴ്നാടിന് ആവശ്യമായ ജലം ഉറപ്പാക്കുന്നതിനോടൊപ്പം കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്ന രീതിയിലാണ് മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായി ഒഡീഷ ജലവിഭവ വകുപ്പിന്റെ മുൻ സ്പെഷൽ സെക്രട്ടറിയും മുൻ എൻജിനീയർ ഇൻ ചീഫുമായ അശുതോഷ് ദാസിനെ നിയമിച്ചതായും മന്ത്രി അറിയിച്ചു.

