ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്ത് നിർണായക അറ്റകുറ്റപ്പണികളും ശാസ്ത്രീയ പ്രവർത്തനങ്ങളും പൂർത്തിയാക്കി നാസയുടെ ജെസിക്ക മെയറും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ESA) സോഫി അഡെനോട്ടും ചരിത്രനേട്ടം സ്വന്തമാക്കി. 6 മണിക്കൂർ 49 മിനിറ്റ് നീണ്ട സ്പേസ്വാക്കാണ് ഇരുവരും വിജയകരമായി പൂർത്തിയാക്കിയത്. രണ്ട് വനിതകൾ മാത്രം പങ്കെടുത്ത ചരിത്രത്തിലെ ആറാമത്തെ സ്പേസ്വാക്കാണിത്.
സെപ്റ്റംബർ ഒന്നിന് ഇന്ത്യൻ സമയം വൈകുന്നേരം ആരംഭിച്ച ദൗത്യം അടുത്ത ദിവസം പുലർച്ചെയാണ് പൂർത്തിയായത്. ഐഎസ്എസിന്റെ ഹാർമണി മോഡ്യൂളിൽ പുതിയ റെട്രോറിഫ്ലക്ടർ സ്ഥാപിക്കുക, ഉയർന്ന ശേഷിയുള്ള ക്യാമറ മാറ്റിസ്ഥാപിക്കുക, വൈദ്യുത സംവിധാനങ്ങൾക്കായുള്ള ജമ്പർ കേബിളുകൾ സ്ഥാപിക്കുക തുടങ്ങിയ ജോലികളാണ് പ്രധാനമായും നിർവഹിച്ചത്. ഭാവിയിലെ അറ്റകുറ്റപ്പണികൾക്കായി ആൽഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്ററിലും ഇരുവരും തയ്യാറെടുപ്പ് ജോലികൾ നടത്തി.
ഐഎസ്എസിന് പുറത്ത് സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സ്പേസ്വാക്കിനിടെ അഡെനോട്ടിന്റെ ഇടതുകൈയുടെ ചലനത്തിൽ നേരിയ തടസ്സം അനുഭവപ്പെട്ടെങ്കിലും മെയറിന്റെ ഇടപെടലിലൂടെ പ്രശ്നം പരിഹരിച്ചു. പ്രധാന ജോലികൾ പൂർത്തിയായതോടെ ബാക്കിയുണ്ടായിരുന്ന ചില ചെറിയ ജോലികൾ പിന്നീട് നടത്താനായി മാറ്റിവെച്ചു.
ഇത് മെയറിന്റെ ഏഴാമത്തെ ബഹിരാകാശ നടത്തവും അഡെനോട്ടിന്റെ മൂന്നാമത്തേതുമാണ്. ഈ ദൗത്യം ഐഎസ്എസ് പരിപാലനത്തിനും നവീകരണത്തിനുമായി നടത്തിയ 284-ാമത്തെ സ്പേസ്വാക്കായി. മെയറിന്റെ ഏഴാമത്തെ സ്പേസ്വാക്കോടെ വനിതാ നാസാ ബഹിരാകാശയാത്രികരിൽ ഏറ്റവും കൂടുതൽ സ്പേസ്വാക്കുകൾ നടത്തിയവരുടെ പട്ടികയിൽ പെഗ്ഗി വിറ്റ്സണും സുനിത വില്യംസിനും പിന്നിൽ അവർ മൂന്നാം സ്ഥാനത്തെത്തി.
നാസയും ഇഎസ്എയും ഔദ്യോഗികമായി ദൗത്യം വിജയകരമായി പൂർത്തിയായതായി സ്ഥിരീകരിച്ചിട്ടുണ്ട്.

