അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകിയ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിൽ, വനിതാ ശാക്തീകരണ സെല്ലുകൾ രൂപീകരിച്ച് പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി അരൂർ മേഖലാ കമ്മിറ്റി ആവിഷ്കരിച്ച “സ്ത്രീ ശാക്തീകരണം 2026” പദ്ധതിക്ക് അരൂരിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഒരു വർഷത്തെ കർമ്മപദ്ധതികൾക്ക് രൂപം നൽകുകയും വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തീരുമാനമെടുക്കുകയും ചെയ്തു.
വനിതാ സംഘം മേഖലാ കമ്മിറ്റിക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഫണ്ട് സമാഹ രിക്കുന്നതിനുമായി ഒട്ടേറെ പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി. റീപാക്കിംഗ് യൂണിറ്റുകൾ, ഭവന നിർമ്മിത ഉൽപ്പന്നങ്ങളായ അച്ചാർ, മുളകുപൊടി, അരിപ്പൊടി, ഗോതമ്പുപൊടി എന്നിവയുടെ ഉൽപ്പാദനം, നാടൻ പലഹാര നിർമാണം, കാറ്ററിംഗ് സർവീസുകൾ, വിവിധ തൊഴിൽ സേവനങ്ങൾ, നോട്ട്ബുക്ക് നിർമ്മാണം തുടങ്ങിയ മേഖലകളിലായി ഏകദേശം 50 ലക്ഷം രൂപയുടെ ടേൺ ഓവർ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. വ്യക്തിഗതമായി വനിതകൾ ആരംഭിക്കുന്ന സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ വനിതാ സെല്ലിലൂടെ വിപണനം ചെയ്യുന്നതിനും യോഗത്തിൽ ധാരണയായിട്ടുണ്ട്.
അരൂർ മേഖലയിലെ 12,000-ത്തിലധികം വീടുകളിൽ വനിതാ സെല്ലുകൾ ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഗുണമേന്മയുള്ള അവശ്യവസ്തുക്കൾ ഉപയോഗിക്കുന്ന സാഹചര്യം സൃഷ്ടിക്കു ന്നതിലൂടെ, മായം കലരാത്ത ശുദ്ധമായ ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ജനങ്ങളിലെത്തിക്കാൻ സാധിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് മേഖലാ കൺവീനർ ടി. അനിയപ്പൻ അഭിപ്രായപ്പെട്ടു.
മേഖലാ ചെയർമാൻ വി.പി. ത്രിദീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. “വ്യവസായം കൊണ്ട് അഭിവൃദ്ധി നേടണം, സംഘടന കൊണ്ട് ശക്തരാകണം” എന്ന ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് മുന്നേറേണ്ട സമയമാണിതെന്ന് അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. വനിതാ സംഘം പ്രസിഡന്റ് ഗംഗാ ഹർഷൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. മേഖലാ വൈസ് ചെയർമാൻ വി.എ. സിദ്ധാർത്ഥൻ ആശംസകൾ നേർന്നു സംസാരിച്ച ചടങ്ങിൽ മേഖലാ കമ്മിറ്റി അംഗം ടി. സത്യൻ കൃതജ്ഞത രേഖപ്പെടുത്തി.

