ലോകകപ്പ് 2026: ആദ്യ ഇലവനിൽ ലാമിൻ യമാലില്ല; സ്പെയിൻ ഇന്ന് കേപ് വെർദെയ്ക്കെതിരെ

വാഷിങ്ടൺ: 2026 ലോകകപ്പിലെ സ്പെയിനിന്റെ ആദ്യ മത്സരത്തിൽ സൂപ്പർ താരം ലാമിൻ യമാൽ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ അറിയിച്ചു. കേപ് വെർദെയ്ക്കെതിരായ മത്സരത്തിൽ 18-കാരനായ യമാൽ പകരക്കാരുടെ ബെഞ്ചിലായിരിക്കും.

കഴിഞ്ഞ ഏപ്രിൽ മാസത്തിലേറ്റ പരിക്കിന് ശേഷം താരം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. നിലവിൽ മത്സരത്തിന് സജ്ജനാണെങ്കിലും കുറച്ചു മിനിറ്റുകൾ മാത്രം കളിക്കാനുള്ള ആരോഗ്യസ്ഥിതിയിലാണ് താരം. അതിനാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി യമാൽ മൈതാനത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കിന്റെ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും വിങ്ങർമാരായ നിക്കോ വില്യംസ്, വിക്ടർ മുനോസ് എന്നിവരും ഈ മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിലായിരിക്കും.

ചരിത്രത്തിലാദ്യമായാണ് റയൽ മാഡ്രിഡിന്റെ ഒരൊറ്റ താരം പോലുമില്ലാതെ സ്പെയിൻ ഒരു ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. ഇത്തവണ ലോകകപ്പ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് സ്പെയിൻ. ലോകകപ്പിലെ ഏറ്റവും മികച്ച ടീം സ്പെയിനാണെന്ന് അവകാശപ്പെട്ട കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ, കളിക്കാരുടെ നിലവാരം അളക്കാൻ തനിക്ക് ഒഴിവാക്കേണ്ടി വന്ന കളിക്കാരുടെ പട്ടിക മാത്രം നോക്കിയാൽ മതിയെന്നും കൂട്ടിച്ചേർത്തു.

ലോകകപ്പിലെ തങ്ങളുടെ കന്നിപ്പോരാട്ടത്തിന് ഇറങ്ങുന്ന കേപ് വെർദെയ്ക്കെതിരെയുള്ള ഇന്നത്തെ മത്സരത്തിന് ശേഷം, ഗ്രൂപ്പ് എച്ചിൽ സൗദി അറേബ്യ, യുറഗ്വായ് എന്നിവരെയാണ് സ്പെയിൻ ഇനി നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *