ന്യൂയോർക്ക്: ന്യൂയോർക്കിലെ സബ്വേ ട്രാക്കിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജരായ രണ്ട് യുവാക്കൾ മരിച്ചു. റട്ഗേഴ്സ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ 24കാരായ നവം കൗൾ, മലൈക ചിട്രെ എന്നിവരാണ് മരിച്ചത്.
സെപ്റ്റംബർ 13 ഞായറാഴ്ച പുലർച്ചെ 3.15ഓടെയാണ് സംഭവം. ലോവർ മാൻഹട്ടനിലെ കനാൽ സ്ട്രീറ്റ് സ്റ്റേഷന് സമീപം തെക്കോട്ടുപോകുകയായിരുന്ന നമ്പർ 4 സബ്വേ ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. ട്രാക്കിലുണ്ടായിരുന്ന ഇരുവരെയും കണ്ട ട്രെയിൻ ഓപ്പറേറ്റർ അടിയന്തര ബ്രേക്ക് പ്രയോഗിച്ചെങ്കിലും ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
യുവാക്കൾ എന്തുകൊണ്ടാണ് സബ്വേ ട്രാക്കിൽ എത്തിയതെന്ന് ന്യൂയോർക്ക് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ട്രാക്കിലുണ്ടായിരുന്ന ഇരുവരെയും യാത്രക്കാർ നേരത്തെ ചിത്രീകരിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും, അവർ എങ്ങനെ ട്രാക്കിലെത്തിയെന്ന കാര്യത്തിൽ ഇതിലൂടെ വ്യക്തത ലഭിച്ചിട്ടില്ല.
സംഭവത്തിന് പിന്നാലെ ഇരുവരും ആത്മഹത്യാ ധാരണയുടെ ഭാഗമായി മരിച്ചതാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാദങ്ങൾക്ക് പൊലീസ് തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും ആസൂത്രിത ആത്മഹത്യയിലേക്ക് വിരൽചൂണ്ടുന്ന കുറിപ്പോ മറ്റ് തെളിവുകളോ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. മരണത്തിന്റെ യഥാർഥ കാരണം അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.
റട്ഗേഴ്സ് സർവകലാശാല ബിരുദധാരികളായ ഇരുവരും പഠനത്തിനു ശേഷം കരിയറിൽ മുന്നേറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

