ഓസ്‌ട്രേലിയയിൽ 16,000 തൊഴിലവസരങ്ങൾ; പ്രവൃത്തിപരിചയം ആവശ്യമില്ല, മണിക്കൂറിന് 31 ഡോളറിലധികം ശമ്പളം

മെൽബൺ: ഓസ്‌ട്രേലിയയിലുടനീളം വിവിധ മേഖലകളിലായി പതിനാറായിരത്തിലധികം പേർക്ക് ജോലി നൽകാനൊരുങ്ങി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS). 2026 ഓഗസ്റ്റ് 11-ന് നടക്കാനിരിക്കുന്ന സെൻസസ് നടപടികൾക്കായി ഫീൽഡ് ഓഫീസർമാരെ നിയമിക്കുന്നതിനാണ് വിപുലമായ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്. പ്രത്യേക പ്രവൃത്തിപരിചയമില്ലാത്തവർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാമെന്നതാണ് പ്രധാന ആകർഷണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കൂറിന് $31.19 (ഏകദേശം 1700-ലധികം ഇന്ത്യൻ രൂപ) ശമ്പളത്തിന് പുറമെ സൂപ്പർഅനുവേഷൻ ആനുകൂല്യങ്ങളും ലഭിക്കും. സെൻസസ് രാത്രിയിൽ രാജ്യത്തുള്ള ഓരോ വ്യക്തിയെയും കൃത്യമായി കണക്കെടുപ്പിൽ ഉൾപ്പെടുത്തുക എന്നതാണ് ഫീൽഡ് ഓഫീസർമാരുടെ പ്രധാന ചുമതലയെന്ന് സെൻസസ് വക്താവ് എമിലി വാൾട്ടർ വ്യക്തമാക്കി. സെൻസസ് ഫോമുകൾ വിതരണം ചെയ്യുക, പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുക, വിവരങ്ങൾ നൽകാത്തവരെ പിന്തുടർന്ന് നടപടികൾ പൂർത്തിയാക്കുക തുടങ്ങിയവയാണ് ഇവരുടെ ജോലികൾ.

മികച്ച ആശയവിനിമയ ശേഷിയുള്ളവർക്കും സ്വതന്ത്രമായും ടീമായും ജോലി ചെയ്യാൻ താല്പര്യമുള്ളവർക്കും മുൻഗണന ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് ജൂലൈ മാസത്തിൽ തന്നെ പെയ്ഡ് ഓൺലൈൻ പരിശീലനം നൽകും. ഫീൽഡ് ഓഫീസർമാർക്ക് പുറമെ ഫീൽഡ് മാനേജർമാർ, മൊബൈൽ ഫീൽഡ് പ്രതിനിധികൾ എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിലവിൽ ഓസ്‌ട്രേലിയയിൽ തൊഴിൽ രഹിതരായി കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയൊരാശ്വാസമാകും ഈ റിക്രൂട്ട്‌മെന്റ്.

2026 ഓഗസ്റ്റ് 11 ചൊവ്വാഴ്ചയാണ് സെൻസസ് രാത്രിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണത്തെ സെൻസസിൽ 16 വയസ്സിന് മുകളിലുള്ളവരുടെ ‘ലൈംഗിക ആഭിമുഖ്യം, ലിംഗപദവി’ (sexual orientation and gender) എന്നിവയെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. താല്പര്യമുള്ളവർക്ക് സെൻസസ് വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *