തിരുവനന്തപുരം: ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി ദുരന്തസാധ്യതയുള്ള മേഖലകളിൽ ഭൂവിനിയോഗ നിയന്ത്രണം ഉൾപ്പെടെ 22 പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദുരന്തസാധ്യത കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ നേരിടുന്നതിനുമുള്ള സമഗ്ര ദുരന്തലഘൂകരണ (Mitigation) പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.
ദുരന്തസാധ്യതാ മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾക്കും ഭൂവിനിയോഗത്തിനും ശാസ്ത്രീയ നിയന്ത്രണം കൊണ്ടുവരിക, അപകടസാധ്യതാ മേഖലകളുടെ വിശദമായ മാപ്പിങ്, പ്രകൃതിദത്ത നീർച്ചാലുകളും ജലവാഹിനികളും സംരക്ഷിക്കൽ, മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, ദുരന്തപ്രതിരോധ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയായിരിക്കും പദ്ധതികൾ നടപ്പാക്കുക. പ്രകൃതിദുരന്തങ്ങളിൽ ജീവഹാനിയും നാശനഷ്ടവും പരമാവധി കുറയ്ക്കുക, ദുരന്തപ്രതിരോധ ശേഷിയുള്ള വികസനം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു.

