മസൂദ് അസ്ഹറിനെ പിടികൂടാൻ 70 ലക്ഷം പാക് രൂപ പാരിതോഷികം; ‘റെഡ് ബുക്കിൽ’ ഉൾപ്പെടുത്തി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പിടികൂടുന്നതിനുള്ള പാരിതോഷികം പാകിസ്ഥാൻ 70 ലക്ഷം പാക് രൂപയായി ഉയർത്തി. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (FIA) ഏറ്റവും പുതിയ ‘റെഡ് ബുക്കിൽ’ അസ്ഹറിനെ പിടികിട്ടാപ്പുള്ളിയായി ഉൾപ്പെടുത്തുകയും ചെയ്തു. 2021ൽ പ്രഖ്യാപിച്ചിരുന്ന 50 ലക്ഷം പാക് രൂപയുടെ പാരിതോഷികമാണ് ഇപ്പോൾ 20 ലക്ഷം രൂപ വർധിപ്പിച്ചത്.

അസ്ഹർ യുഎൻ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ്. ജയ്‌ഷെ മുഹമ്മദ് സംഘടനയുടെ സ്ഥാപകനും തലവനുമായ അസ്ഹറിനെതിരെ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുണ്ട്. 2001ലെ പാർലമെന്റ് ആക്രമണം, 2016ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 2019ലെ പുൽവാമ ഭീകരാക്രമണം തുടങ്ങിയ സംഭവങ്ങളുമായി അദ്ദേഹത്തിന്റെ പേര് ബന്ധപ്പെട്ടിട്ടുണ്ട്.

അസ്ഹർ അഫ്ഗാനിസ്ഥാനിൽ ഒളിവിൽ കഴിയുന്നതായാണ് പാകിസ്ഥാൻ നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ അഫ്ഗാൻ താലിബാൻ ഈ വാദം തള്ളിയിരുന്നു. അസ്ഹർ അഫ്ഗാനിസ്ഥാനിലില്ലെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ (FATF) പ്ലീനറി യോഗത്തിന് മുന്നോടിയായാണ് പാകിസ്ഥാന്റെ പുതിയ നടപടി. ഭീകരവാദത്തിനും ഭീകരവാദ ധനസഹായത്തിനുമെതിരെ നടപടി സ്വീകരിക്കുന്നുവെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തെളിയിക്കാനുള്ള ശ്രമമായാണ് നടപടിയെ വിലയിരുത്തുന്നത്. എന്നാൽ അസ്ഹറിനെതിരെ പാകിസ്ഥാൻ സ്വീകരിച്ച നടപടിയുടെ ഗൗരവത്തെക്കുറിച്ച് ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്.

FIAയുടെ പുതുക്കിയ പട്ടികയിൽ 26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ 19 പേരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയവരും ഭീകരരെ ഇന്ത്യയിലെത്തിക്കാൻ ഉപയോഗിച്ച ബോട്ടുകളുമായി ബന്ധപ്പെട്ടവരുമാണ് പട്ടികയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *