പന്നിയാർ പുഴയുടെ ഒഴുക്ക് തടഞ്ഞ് നിർമ്മിച്ച 88 കെട്ടിടങ്ങൾ പൊളിച്ചുനീക്കി

ഉടുമ്പന്‍ചോല : ഇടുക്കി പൂപ്പാറ ടൗണില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിച്ച് നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉൾപ്പടെ അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങളാണ് ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചുനീക്കിയത്. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് സ്ഥലം സന്ദർശിച്ചു. മറ്റുഭൂമിയോ വീടോ ഇല്ലാത്ത 12 പേരെയാണ് പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളതെന്നും ഇവരുടെ പുനരധിവാസം മാത്രമേ സര്‍ക്കാര്‍ ഏറ്റെടുക്കൂ എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മ്മിച്ചിട്ടുള്ള മൂന്നു നില കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പുനരധിവാസം നല്‍കാന്‍ കഴിയില്ല. അനധികൃതമായ നിര്‍മാണം അനുവദിക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കും. ഏറ്റെടുക്കുന്ന ഭൂമി പുഴയുടെ പുനരുജ്ജീവനം സാധ്യമാകുന്ന വിധത്തില്‍ വിനിയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഉടുമ്പന്‍ചോല താലൂക്കിലെ പൂപ്പാറ വില്ലേജില്‍ 56 വ്യക്തികളാണ് പന്നിയാര്‍ പുഴ പുറമ്പോക്ക്, റോഡ് പുറമ്പോക്ക് എന്നിവ കൈയേറി 88 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. താല്‍ക്കാലിക നിര്‍മ്മിതിയായി ആരംഭിച്ച കെട്ടിടങ്ങള്‍ പിന്നീട് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാക്കി രൂപമാറ്റം വരുത്തുകയായിരുന്നു. 2022 ഒക്ടോബര്‍ 13 ന് അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ റവന്യൂ അധികാരികളെ ചുമതലപ്പെടുത്തി 2023 ജനുവരി 17 ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. പിന്നീട് സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *