പോലീസ് സ്റ്റേഷന് മുന്നിലെ കാറില്‍ കണ്ടെത്തിയ മൃതദേഹം മുന്‍ കൗണ്‍സിലറുടേത് ; അഴുകിയ നിലയിലായിരുന്നു മൃതദേഹം

സിഡ്നി: ന്യൂ സൗത്ത് വെയില്‍സിലെ ലേക് ഇല്ലവാര പോലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട കാറില്‍ കണ്ടെത്തിയ മൃതദേഹം മുന്‍ ക്വീന്‍സ്ലാന്‍ഡ് കൗണ്‍സിലറും മാധ്യമപ്രവര്‍ത്തകയുമായ കിര്‍സ്റ്റണ്‍ മൊറിയാര്‍ട്ടി (48) യുടേതാണെന്നു തിരിച്ചറിഞ്ഞു.വെള്ളിയാഴ്ച വൈകുന്നേരം 4.30-ഓടെ പോലീസ് സ്റ്റേഷന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നീല ടൊയോട്ട യാരിസ് കാറിലാണ് മൃതദേഹം കണ്ടെത്തിയത്.കഠിനമായ ചൂട് കാരണം മൃതദേഹം അഴുകിയ നിലയിലായിരുന്നു.

മൊറിയാര്‍ട്ടി കാറിലായിരുന്നു താമസിച്ചിരുന്നതെന്ന് പോലീസ് സംശയിക്കുന്നു.മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്,ചൊവ്വാഴ്ച ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു.എന്നാല്‍ ഇവര്‍ സഹായം അഭ്യര്‍ത്ഥിക്കാനാണോ അതോ പരാതി നല്‍കാനാണോ എത്തിയതെന്ന് വ്യക്തമല്ല.
2010-ല്‍ സ്‌കൈ ഡൈവിംഗിനിടെ 11,000 വോള്‍ട്ട് വൈദ്യുതി ലൈനില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തിയായിരുന്നു മൊറിയാര്‍ട്ടി.

ഈ അനുഭവത്തെ ആസ്പദമാക്കി ‘ഫ്രം ഡാര്‍ക്ക് ഡേയ്സ് ടു ബ്ലൂ സ്‌കൈസ്’ (From Dark Days to Blue Skies) എന്ന പുസ്തകവും ഇവര്‍ എഴുതിയിട്ടുണ്ട്

സോമര്‍സെറ്റ് ന്യൂസ്പേപ്പറില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന ഇവര്‍, 2012 മുതല്‍ 2016 വരെ സോമര്‍സെറ്റ് റീജിയണല്‍ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചു.ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു.

മരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം (Critical incident investigation) ആരംഭിച്ചിട്ടുണ്ട്.പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കമാന്‍ഡിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക

Leave a Reply

Your email address will not be published. Required fields are marked *