രൂപാന്തരം

സന്ധ്യ
വന്നെന്റെ അരികിലിരുന്നു

പ്രേമത്താല്‍ തുടുത്ത്
ഞാന്‍ യുവാവായി

അടുത്താരുമില്ലെന്ന്
ഉറപ്പിച്ചു.

കൊടുത്തു
ഒരു ചുംബനം

പ്രപഞ്ചം
ചുവന്ന പാടമായി

എന്റെ കവിളിലും
ചുണ്ടിലും
സന്ധ്യ !

കാറ്റിലാടി
സുഗന്ധമുള്ള ഗാനമായി
ഞാന്‍ തനിയെ
വീട്ടിലെത്തി

മുന്നില്‍
അവള്‍
എരിഞ്ഞെരിഞ്ഞ്
പുകഞ്ഞു പുകഞ്ഞ്
കത്തിക്കത്തി
മുടിയഴിച്ചാടുന്നു
വന്യമായലറുന്നു.

ഞാനോ
കടലിലാഴുന്നു
രാത്രിയെന്നെ
നക്കി നക്കി
തിന്നുന്നു.

രാധാകൃഷ്ണന്‍ എടച്ചേരി

Leave a Reply

Your email address will not be published. Required fields are marked *