18-ാം വയസ്സിൽ പ്രമേഹം സ്ഥിരീകരിക്കപ്പെടുമ്പോൾ ഗ്രെഗിന്റെ മുന്നിൽ ജീവിതം മുഴുവനായി ബാക്കിയുണ്ടായിരുന്നു. എന്നാൽ, ആ പ്രായത്തിൽ തുടങ്ങിയ പോരാട്ടം വർഷങ്ങൾ പിന്നിട്ടതോടെ ക്രമേണ വൃക്കരോഗത്തിലേക്കും തുടർചികിത്സകളിലേക്കും ഒടുവിൽ ഡയാലിസിസിലേക്കും വഴിമാറി. കെയിൻസിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള, ക്വീൻസ്ലാൻഡിലെ ഏറ്റവും വലിയ പ്രത്യേക ആദിവാസി സമൂഹമായ യാരബാ (Yarrabah) കമ്മ്യൂണിറ്റിയിലെ അംഗമാണ് ഇദ്ദേഹം.
തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസം വീതം 100 കിലോമീറ്റർ യാത്രചെയ്ത്, ഓരോ തവണയും അഞ്ചു മണിക്കൂർ വീതം ഡയാലിസിസിനായി മാത്രം മാറ്റിവെക്കേണ്ടി വന്നതോടെ ഗ്രെഗിന്റെ ജീവിതം ഡയാലിസിസ് മെഷീന്റെ ബന്ധനത്തിലായി. ഇഷ്ടപ്പെട്ട ആഹാരങ്ങൾ കഴിക്കാനാകാതെ, ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാൻ പോലുമാകാതെ, കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സന്തോഷം പങ്കിടാനോ കുടുംബത്തിന്റെ സംരക്ഷണം പൂർണ്ണമായി ഏറ്റെടുക്കാനോ സാധിക്കാതെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു ആ നാളുകൾ. ഈ ഘട്ടത്തിൽ മുന്നോട്ടുപോകാൻ വൃക്ക മാറ്റിവെക്കൽ മാത്രമായിരുന്നു ഗ്രെഗിന് മുന്നിലെ ഏക പ്രതീക്ഷ. ഇതിന്റെ ഭാഗമായി ട്രാൻസ്പ്ലാന്റേഷന് മുന്നോടിയായുള്ള പരിശോധനകളെല്ലാം കെയിൻസിൽ വെച്ചുതന്നെ പൂർത്തിയാക്കി.
ഡയാലിസിസ് തുടങ്ങി രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആ അമൂല്യ സമ്മാനം ഗ്രെഗിനെ തേടിയെത്തിയത്. ഒരു ദാതാവിന്റെയും അവരുടെ കുടുംബത്തിന്റെയും മഹത്തായ ദാനം ഗ്രെഗിന് മാത്രമല്ല ജീവൻ നൽകിയത്; രണ്ട് മക്കൾക്ക് അവരുടെ അച്ഛനോടൊപ്പമുള്ള നിമിഷങ്ങളും, ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ കരുത്തായി നിന്ന ഭാര്യക്ക് ഭർത്താവിനൊപ്പമുള്ള അമൂല്യമായ ജീവിതവുമാണ് അത് തിരികെ നൽകിയത്. യാരബായിലെ ആദിവാസി സമൂഹത്തിന് അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ശക്തനായ ഒരു നേതാവിന്റെയും പ്രതിഭാധനനായ പെയിന്റിംഗ് കലാകാരന്റെയും തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. 2025-ൽ ടൗൺസ്വിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആരംഭിച്ച കിഡ്നി ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റിലെ വിജയകരമായ മുപ്പതാമത്തെ അവയവ സ്വീകർത്താവാണ് ഗ്രെഗ്.
ഗ്രെഗിന്റെ ഈ പുനർജന്മത്തിന് പിന്നിൽ സ്വന്തം പ്രിയപ്പെട്ടയാളെ നഷ്ടപ്പെട്ട മറ്റൊരു കുടുംബത്തിന്റെ കണ്ണീരും തീരാവേദനയുമുണ്ട്. ഗ്രെഗിന്റെയും അദ്ദേഹത്തിന്റെ അഞ്ച് വയസ്സുള്ള മകളുടെയും മുഖത്തെ പുഞ്ചിരി ആ കുടുംബത്തിന്റെ ദാനമാണ്. സ്വന്തം കുടുംബാംഗത്തെ നഷ്ടപ്പെട്ട അളവറ്റ ദുഃഖത്തിനിടയിലും മറ്റൊരാൾക്ക് പുതുജീവിതം നൽകാൻ ആ കുടുംബം കാണിച്ച മഹാമനസ്കതയ്ക്ക് നിറഞ്ഞ കണ്ണുകളോടെയാണ് ഗ്രെഗും കുടുംബവും നന്ദി രേഖപ്പെടുത്തിയത്. അവയവദാന ബോധവൽക്കരണ ദിനമായ ‘ജേഴ്സി ഡേ’യിൽ (Jersey Day) മകളോടൊപ്പം നിൽക്കുന്ന ഗ്രെഗിന്റെ ചിത്രം, മരണാനന്തരം ഒൻപത് പേർക്ക് വരെ ജീവിതത്തിലേക്ക് മടങ്ങിവരാൻ വഴിയൊരുക്കുന്ന ഈ പുണ്യപ്രവർത്തിയിൽ പങ്കുചേരാൻ ഏവർക്കും പ്രചോദനമാകുന്നു. 2015-ൽ വെറും 13 വയസ്സുള്ളപ്പോൾ മരണപ്പെട്ട നേഥൻ ഗ്രെമ്മോയുടെ (Nathan Gremmo) അവയവങ്ങളും ടിഷ്യുകളും ദാനം ചെയ്ത് ആറുപേരുടെ ജീവൻ രക്ഷിച്ച മാതൃക മുൻനിർത്തി നേഥന്റെ മാതാപിതാക്കളാണ് ദേശീയ ജേഴ്സി ഡേയ്ക്ക് തുടക്കം കുറിച്ചത്.
ഡൊണേറ്റ് ലൈഫ് ഓസ്ട്രേലിയയുടെ (DonateLife Australia) കണക്കുകൾ പ്രകാരം സങ്കീർണ്ണമായ ആരോഗ്യ അവസ്ഥയിൽ ഏകദേശം 1,800 ഓസ്ട്രേലിയക്കാർ നിലവിൽ “ആക്ടീവ് വെയ്റ്റിംഗ് ലിസ്റ്റിൽ” അവയവങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. 12,000-ത്തിലധികം ആളുകളാണ് നിലവിൽ ഡയാലിസിസിൽ കഴിയുന്നത്; ഇവരിൽ പലർക്കും വൃക്ക മാറ്റിവെക്കൽ വലിയ പ്രയോജനം ചെയ്യും. അനുയോജ്യമായ അവയവം ലഭിക്കുന്നതിനായി രോഗികൾക്ക് സാധാരണയായി 4 മുതൽ 6 വർഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. നിർഭാഗ്യവശാൽ, അവയവം ലഭിക്കാനുള്ള ഈ കാത്തിരിപ്പിനിടയിൽ പ്രതിവർഷം ഏകദേശം 50 പേർ മരണപ്പെടുന്നുമുണ്ട്.
ശരീരത്തിലെ വിവിധ അവയവങ്ങളും കലകളും ഇത്തരത്തിൽ ദാനം ചെയ്യാൻ സാധിക്കും. ഒരാൾക്ക് രണ്ട് വൃക്കകളും ദാനം ചെയ്യാവുന്നതാണ്; ജീവിച്ചിരിക്കുന്നവർക്കും വൃക്ക ദാനം ചെയ്യാം. കരളും പൂർണ്ണമായോ ഭാഗികമായോ ദാനം ചെയ്യാം. മസ്തിഷ്ക മരണത്തിന് ശേഷം ഹൃദയവും, രണ്ട് ശ്വാസകോശങ്ങളും, ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗമായ പാൻക്രിയാസും, ചില സന്ദർഭങ്ങളിൽ ചെറുകുടലിന്റെ ഭാഗങ്ങളും ദാനം ചെയ്യാനാകും. ഇവയ്ക്ക് പുറമെ വിവിധ കലകളും (Tissues) ദാനം ചെയ്യാൻ കഴിയും. സ്വാഭാവിക മരണശേഷവും നേത്രപടലങ്ങൾ (Cornea) ദാനം ചെയ്യാം; കണ്ണിന്റെ കോർണിയ മാത്രമാണ് നീക്കം ചെയ്യുന്നത് എന്നതിനാൽ ബാഹ്യ രൂപത്തിന് യാതൊരു മാറ്റവും സംഭവിക്കില്ല. ഗുരുതരമായി പൊള്ളലേറ്റവരുടെ ചികിത്സയ്ക്കായി ചർമ്മവും (Skin), അസ്ഥികളുടെ തകരാറുകൾ പരിഹരിക്കാൻ എല്ലുകളും (Bones), ഹൃദയസംബന്ധമായ തകരാറുകൾ ഉള്ളവർക്ക് ഹൃദയ വാൽവുകളും (Heart Valves), സന്ധികളുടെ പുനർനിർമ്മാണത്തിന് ടെൻഡോണുകളും ലിഗ്മെന്റുകളും (Tendons & Ligaments) ദാനം ചെയ്യാവുന്നതാണ്.
ഈ ജീവൻരക്ഷാ ദൗത്യത്തിൽ പങ്കാളിയാകാൻ സുഹൃത്തുക്കളോടും കുടുംബത്തോടും അവയവദാനത്തെക്കുറിച്ച് സംസാരിക്കുകയും ഓർഗൻ ഡോണറായി പേര് രജിസ്റ്റർ ചെയ്യുകയുമാണ് വേണ്ടത്. ഫോണും മെഡികെയർ കാർഡും ഉപയോഗിച്ച് വെറും ഒരു മിനിറ്റ് കൊണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കാം. പ്രായമോ ആരോഗ്യപരമായ മുൻകാല വിവരങ്ങളോ ജീവിതശൈലിയോ പൗരത്വമോ നിലവിലെ ആരോഗ്യസ്ഥിതിയോ ഇതിന് തടസ്സമല്ല. 16 വയസ്സ് തികഞ്ഞ ആർക്കും ഡോണറായി രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യാനായി താഴെ പറയുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാം:
- DonateLife വഴി ഓൺലൈനായി: DonateLife രജിസ്റ്ററിൽ വ്യക്തിഗത വിവരങ്ങളും Medicare നമ്പറും നൽകി ലളിതമായ ഫോം പൂരിപ്പിക്കുക.
- myGov വഴി: myGov അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തോ ആപ്പ് ഉപയോഗിച്ചോ ലിങ്ക് ചെയ്തിരിക്കുന്ന Medicare ഓൺലൈൻ അക്കൗണ്ട് വഴി രജിസ്റ്റർ ചെയ്യുക.
- തപാൽ വഴി: Services Australia-യിൽ നിന്ന് Australian Organ Donor Register ഫോം പ്രിന്റ് ചെയ്ത് പൂരിപ്പിച്ച ശേഷം തപാൽ വഴി അയക്കുക.
- ഫോൺ വഴി: Australian Organ Donor Register-നെ നേരിട്ട് 1800 777 203 എന്ന നമ്പറിൽ വിളിക്കുക.
കൂടുതൽ വിവരങ്ങൾക്കായി https://www.donatelife.gov.au/register-donor-today സന്ദർശിക്കാവുന്നതാണ്. അവയവദാനം ഒരാളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; അത് പങ്കാളിയുടെ ഹൃദയത്തെയും മക്കളുടെ ഭാവിയെയും മാതാപിതാക്കളുടെ പ്രതീക്ഷകളെയും സഹോദരങ്ങളുടെ സ്നേഹത്തെയും ബന്ധുമിത്രാദികളുടെ ജീവിതത്തെയും കൂടിയാണ് പ്രകാശിപ്പിക്കുന്നത്.


