നിന്നോളമെന്റെയാകാശത്തു പൂത്തൊരു
വെള്ളിനക്ഷത്രങ്ങളുണ്ടോ ?
നിന്നോളം എന്നിൽ പ്രകാശം ചൊരിഞ്ഞൊരു
നീല നിലാവൊളിയുണ്ടോ ?
നിന്നോളം എന്നിൽ സുഗന്ധം പരത്തിയ
നീർമാതളപ്പൂക്കളുണ്ടോ ?
നിന്നോളം ഞാനെന്റെ ഹൃദയത്തിൽ മൂളിയ
നീലാംബരീ രാഗമുണ്ടോ ?
ഇന്നോളം ഞാൻ കണ്ട സ്വപ്നങ്ങളിൽ
ഏറെ വർണ്ണാഭം നീയായിരുന്നു..
ഇന്നോളം എന്റെ പൂന്തോപ്പിൽ വിരിഞ്ഞില്ല
നിന്നോളം പോന്നൊരു പൂവും.
നിൻ ചിരിയോളമൊരുന്മാദമിന്നോളം
എന്നിൽ നിറഞ്ഞിട്ടുമില്ല..
നീയുറങ്ങുന്നത് കണ്ടിരുന്നെത്രയോ
രാവുകളെന്നിൽ കൊഴിഞ്ഞു.
നിന്നോളമില്ല മറ്റൊന്നുമെനിയ്ക്കെന്ന്
നിൻ കാതിൽ കൊഞ്ചിപ്പറഞ്ഞു…
നിന്നെയുറക്കിയ താരാട്ടിനോളം
ഞാനൊരു താളവും മൂളിയില്ല..
നീയാദ്യം”അമ്മ”യെന്നെന്നെ വിളിച്ചൊരാ
നാളിലെൻ ജീവിതം ധന്യം – ഓമലേ
നീയെന്റെ ജീവിത പുണ്യം


