അതിജീവനത്തിന്റെ കഥ

ഇത് മുത്തശ്ശിക്കഥയല്ല,കേട്ട് വളര്‍ന്ന ഇതിഹാസവുമല്ല.മനസ്സിന്റെ താളം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ യാഥാര്‍ത്ഥ്യമാണിത്. ജീവിക്കാന്‍ മറന്നുപോയവളുടെ,ഇരുട്ടില്‍ വെളിച്ചം തേടിയവളുടെ കഥ.ചുറ്റും ആള്‍ക്കടലുണ്ടായിട്ടും ചിരിക്കാന്‍ മറന്നവള്‍. കേള്‍ക്കാന്‍ ആയിരം ചെവികള്‍ കാത്തിരുന്നിട്ടും ഒരക്ഷരം പുറത്തുവരാതെ നെഞ്ചിലടക്കി വിതുമ്പിയവള്‍.കുരുങ്ങിയ ശ്വാസഗതികളെപ്പോലും ഭയന്ന്,രാത്രികളുടെ യാമങ്ങള്‍ എണ്ണി എണ്ണി പകലാക്കിയവള്‍.നെഞ്ചു നീറി തേങ്ങലടക്കാന്‍ പാടുപെട്ടവള്‍.കണ്ണുകളില്‍ ആയിരം കഥകള്‍ ഒളിപ്പിച്ചുവച്ചവള്‍.

മനസ്സിനേറ്റ മുറിവുണക്കാന്‍ എണ്ണിയൊടുക്കിയ രാവുകളോ പകലുകളോ തികയാതെ വന്നവള്‍.ക്ഷതമേറ്റ ഹൃദയത്തിന്റെ വേലിയേറ്റത്തില്‍ അകപ്പെട്ട്,കര കാണാതെ അലഞ്ഞവള്‍.പൊള്ളിയടരുമ്പോഴും ചവിട്ടിനിന്ന മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പതറിയവള്‍.തൊണ്ടയില്‍ കുരുങ്ങിയ അന്നത്തിനു തന്റെ കണ്ണീരിന്റെ ചുവയാണെന്ന് മനസ്സിലാക്കിയവള്‍.

ജീവിതമെന്ന മഹായാത്രയില്‍ ഇനി എങ്ങോട്ടെന്നറിയാതെ പകച്ചുനിന്നപ്പോള്‍, ഉള്ളില്‍ എവിടെയോ ബാക്കിയുണ്ടായിരുന്ന പ്രതീക്ഷയുടെ കണിക തിരിച്ചറിഞ്ഞവള്‍.
അവള്‍ വീണ്ടും ചിരിക്കാന്‍ പഠിച്ചു.പൊട്ടിക്കരയാനും പഠിച്ചു. നിലയുറപ്പിച്ച മണ്ണില്‍ പതറാതെ നില്‍ക്കാന്‍ പഠിച്ചു.താളം തെറ്റിയ തന്റെ മനസ്സിനെ തിരികെ നിയന്ത്രണത്തിലാക്കി.

ഒരു പുഞ്ചിരിയോടെ അവള്‍ ഈ ലോകത്തെ നോക്കി ചിരിച്ചു.
അവള്‍… അവള്‍ ഒരു പെണ്ണ്.
അവള്‍… അതിജീവിത.

സിജു ജേക്കബ്

Leave a Reply

Your email address will not be published. Required fields are marked *