കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 800 രൂപയുടെയും ഗ്രാമിന് 100 രൂപയുടെയും വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,165 രൂപയിലും പവന് 1,05,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 80 രൂപ വര്‍ധിച്ച് 10,820 രൂപയിലെത്തി.
കുതിപ്പിന്‍റെ പാതയിലുള്ള സ്വർണവില തിങ്കളാഴ്ച പവന് 1,240 രൂപയും ചൊവ്വാഴ്ച 280 രൂപയും വർധിച്ചിരുന്നു. ചൊവ്വാഴ്ച പുതിയ റിക്കാർഡ് കുറിച്ച സ്വർണവിലയാണ് ഇന്ന് വീണ്ടും മുന്നേറിയത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ഈമാസം അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. 2025 ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില.
രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് റിക്കാർഡ് വിലയായ 4,627 രൂപയിലെത്തി. ഇറാനിലെ പ്രക്ഷോഭവും അമേരിക്കൻ തൊഴിൽ കണക്കുകളുമാണ് വില വർധിപ്പിച്ചത്.അതേസമയം, വെള്ളി വിലയും കുതിക്കുകയാണ്. ട്രോയ് ഔണ്‍സിന് 90 ഡോളറിനു മുകളിലാണ്. സംസ്ഥാനത്ത് ഗ്രാമിന് 10 രൂപ ഉയർന്ന് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

