കൊച്ചി: മിൽമ ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെസിഎംഎംഎഫ് – മിൽമയും ഫുഡ്ലിങ്ക്സ് ഫുഡ് ആൻഡ് ബിവറേജ് സൊല്യൂഷൻസും ധാരണാപത്രം ഒപ്പുവച്ചു. എറണാകുളം ഇടപ്പള്ളിയിലെ മിൽമ ഓഫീസിൽ നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്. മണിയുടെ സാന്നിധ്യത്തില്‍ മിൽമ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫും ഫുഡ്ലിങ്ക്സ് പാർട്ണർ മുഹമ്മദ് ഷിബുവും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ധാരണപ്രകാരം സൗദി അറേബ്യ, യുഎഇ, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് പ്രീമിയം മിൽമ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അവകാശം ഫുഡ്ലിങ്ക്സിന് ലഭിക്കും. പ്രതിമാസം 20 ടൺ മിൽമ നെയ് ഈ നാലു രാജ്യങ്ങളിലായി വിതരണം ചെയ്യും.
ഓരോ രാജ്യത്തും പ്രതിമാസം അഞ്ചു ലക്ഷം രൂപയുടെ മറ്റു മിൽമ ഉത്പന്നങ്ങൾ വിറ്റഴിക്കുമെന്നും അധികൃതർ അറിയിച്ചു.

