ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്യുടെ ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പാണ് ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദത്തിലായിരുന്നു.
ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നും സൂചനയുണ്ട്. റോയ് ജീവനൊടുക്കിയ സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ പ്രാഥമിക വിവരശേഖരണം മാത്രമാണ് നടന്നതെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ബംഗുളൂരു വിട്ടുപോകരുതെന്ന് ആദായനികുതി ഉദ്യോഗസ്ഥർക്ക് പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് റോയ്യുടെ സഹോദരൻ സി.ജെ. ബാബു വ്യക്തമാക്കി. കേരളത്തിലെ ചുമതലയുള്ള ജോസഫും റോയ്യുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും ബാബു അറിയിച്ചു.
റോയ്ക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകൾ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാബു പറഞ്ഞു. കർണാടക പോലീസ് അന്വേഷണത്തിൽ കുടുംബം തൃപ്തരാണെന്നും സി.ജെ. ബാബു കൂട്ടിച്ചേർത്തു.

