ലോകത്തിലെ ഏറ്റവും സമ്പന്നമായ തോറിയം അടങ്ങിയ മോണോസൈറ്റ്, ഇൽമനൈറ്റ്, റൂട്ടൈൽ, ല്യൂക്കോക്സീൻ തുടങ്ങിയ ടൈറ്റാനിയം ധാതുക്കൾ, സിർക്കോൺ, അനുബന്ധ അപൂർവ ഭൂമി മൂലകങ്ങൾ എന്നിവയുടെ സാന്ദ്രത ചവറ-നീണ്ടകര-കായംകുളം തീരത്ത് കാണപ്പെടുന്നുണ്ട്. ഭൂഗർഭ ഖനനമോ വൻതോതിലുള്ള പാറപൊട്ടിക്കലോ ഇല്ലാതെ എളുപ്പത്തിൽ ഇവ ഖനനം ചെയ്യാനാകും. ഊർജ പരിവർത്തനം, പ്രതിരോധ നിർമാണം, ഇലക്ട്രോണിക്സ്, നൂതന ലോഹശാസ്ത്രം എന്നിവയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കളാണിവ.
തന്ത്രപരമായ ധാതു പര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ പൈലറ്റ് സംസ്ഥാനമായി കേരളത്തെ ഔദ്യോഗികമായിത്തന്നെ നിശ്ചയിക്കണമെന്ന് ശശി തരൂർ എംപി മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. പാർലമെന്റിൽ വിവാദമായ ശാന്തി ബില്ലിനെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിലായിരുന്നു തരൂർ ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ മോണസൈറ്റ് കരുതൽ ശേഖരമുള്ള ഇന്ത്യ, ആഗോള തോറിയം വിഭവങ്ങളുടെ ഏകദേശം നാലിലൊന്ന് കൈവശം വയ്ക്കുന്നു. അതിൽ ഭൂരിഭാഗവും കേരളത്തിലാണ്.
തോറിയം വെറുമൊരു ധാതുവല്ല; നൂതന ബ്രീഡർ റിയാക്ടറുകൾ വഴി നൂറ്റാണ്ടുകളോളം ഇന്ത്യയെ ഊർജസ്വലമാക്കാൻ കഴിവുള്ള ഒരു ദീർഘകാല ഊർജ ആസ്തിയാണിതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിൽ ചൈനാക്ലേ, ചേർത്തല-അരൂക്കുറ്റി ഭാഗത്ത് സിലിക്ക മണൽ, പാലക്കാട് (വാളയാർ), കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ ചുണ്ണാമ്പുകല്ല്, എറണാകുളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഗ്രാഫൈറ്റ്, കണ്ണൂർ, കാസർഗോഡ്്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ബോക്സൈറ്റ് എന്നിവയുടെയും നിക്ഷേപങ്ങളുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇരുമ്പയിരും മലപ്പുറം, പാലക്കാട് ജില്ലകളിൽ ഫയർ ക്ലേ, ഗാർനെറ്റ്, സ്വർണം എന്നിവയും പാലക്കാട്ട് മാഗ്നസൈറ്റും കാണപ്പെടുന്നുണ്ട്.
എന്നാൽ, ഇത്തരം ധാതുക്കളുടെ ഖനനത്തിന് കേരളത്തിലെ ജനസാന്ദ്രത വലിയ തടസമാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരമേഖലയിൽ ഖനനമുണ്ടാക്കുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങൾക്ക് വലിയ ആശങ്കയുണ്ട്. കരിമണൽ ഖനനത്തിലും കാഞ്ഞങ്ങാട്ട് ബോക്സൈറ്റ് ഖനനത്തിനുമടക്കം വലിയ പ്രതിഷേധമുയർന്നിരുന്നു. സുതാര്യവും സത്യസന്ധവുമായ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തിയാലേ ഖനനം സാധ്യമാകൂ എന്നതാണ് സംസ്ഥാനത്തിന്റെ അനുഭവം വ്യക്തമാക്കുന്നത്.

