ടിപി വധക്കേസ് പ്രതികൾക്ക് ഉൾപ്പെടെ ചട്ടം ലംഘിച്ച് പരോൾ നൽകുന്നതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. നോട്ടീസ് പരിഗണിക്കാൻ കഴില്ലെന്ന് സ്പീക്കർ പറഞ്ഞു. ഇതോടെ സഭാനടപടികൾ ബഹിഷ്കരിച്ച് അംഗങ്ങൾ പുറത്തിറങ്ങി. പ്ലക്കാർഡുകളും ബാനറുകളുമായി സ്പീക്കറുടെ ഡയസിനു മുന്നിൽ പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷം സഭ വിട്ടത്.
സർക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അതുകൊണ്ടാണ് കൊടുംകുറ്റവാളികൾക്ക് പരോൾ വാരിക്കോരി നൽകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഒരു മാസത്തിനിടെ മൂന്ന് തവണ പരോൾ നൽകിയ സംഭവം വരെ ഉണ്ടായി. ടിപി കേസ് പ്രതികൾക്ക് മൂന്ന് വർഷത്തോളമാണ് പരോൾ ലഭിച്ചത്. വഴിവിട്ട ഈ സഹായം കാരണം ജയിൽ ഡിഐജിയെപ്പോലും സസ്പെൻഡ് ചെയ്യേണ്ടി വന്ന സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

