ഫാക്ടറികളല്ല, യന്ത്രങ്ങളല്ല, പുകക്കുഴലുകളുമല്ല… ഇനി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നയിക്കാൻ പോകുന്നത് മറ്റൊന്നാണ്, 2026-ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രയോഗിച്ച ആ ഒരു വാക്ക് സാമ്പത്തിക ലോകത്തെ ഒന്നടങ്കം നെറ്റിചുളിപ്പിച്ചു‘ഓറഞ്ച് എക്കണോമി’ (Orange Economy). വെറുമൊരു നിറത്തിനപ്പുറം, ഇന്ത്യയുടെ കോടിക്കണക്കിന് യുവാക്കളുടെ സർഗ്ഗാത്മകതയെയും ഡിജിറ്റൽ കരുത്തിനെയും പണമാക്കി മാറ്റുന്ന ആ മാന്ത്രിക തന്ത്രം എന്താണ്? ലോകം മാറുന്നതിനനുസരിച്ച് ഇന്ത്യയുടെ വളർച്ചാ ഫോർമുലയും മാറുകയാണ്. എന്താണ് ഈ ഓറഞ്ച് വിപ്ലവം?”
ആദ്യമേ പറഞ്ഞപോലെ, പരമ്പരാഗത വ്യവസായങ്ങളെയും ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളെയും മാത്രം മുൻനിർത്തുന്ന സാമ്പത്തിക ചർച്ചകളിൽ നിന്ന് മാറി, ആശയങ്ങൾ, സൃഷ്ടിപരമായ കഴിവുകൾ, ഡിജിറ്റൽ സാങ്കേതികവിദ്യ, സംസ്കാരം എന്നിവയെ വളർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു ദീർഘകാല കാഴ്ചപ്പാടാണ് ഇതിലൂടെ സർക്കാർ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ യുവജനാധിക്യവും ഡിജിറ്റൽ വിപുലീകരണവും ചേർന്ന് പുതിയൊരു സാമ്പത്തിക ചാലകശക്തിയായി മാറാൻ കഴിയുന്ന മേഖലയെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന്റെ അടയാളമാണ് ഇത്.
പരമ്പരാഗത നിർമ്മാണമേഖലകളിൽനിന്ന് വ്യത്യസ്തമായി, ഇവിടെ മൂല്യം സൃഷ്ടിക്കുന്നത് ആശയങ്ങളിലൂടെയും ബൗദ്ധിക സ്വത്തവകാശങ്ങളിലൂടെയും സാംസ്കാരിക ഉൽപ്പന്നങ്ങളിലൂടെയുമാണ്. ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, സിനിമ, സംഗീതം, ഡിസൈൻ, ഫാഷൻ, പ്രസിദ്ധീകരണം, ഡിജിറ്റൽ കണ്ടന്റ് സൃഷ്ടി എന്നിവയെല്ലാം ഈ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും തൊഴിലും നഗരവികസനവും സാംസ്കാരിക സ്വാധീനവും ഒരുമിച്ച് വളർത്തുന്ന മേഖലയായി ഇത് ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ സാഹചര്യത്തിൽ ഈ ആശയം പ്രത്യേക പ്രാധാന്യം നേടുന്നത്, രാജ്യത്തെ കണ്ടന്റ് സ്രഷ്ടാക്കളുടെ വളർച്ചയോടെയാണ്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ, ഓടിടി സേവനങ്ങൾ എന്നിവയിലൂടെ ലക്ഷക്കണക്കിന് യുവാക്കൾ നേരിട്ട് ആഗോള വിപണിയുമായി ബന്ധപ്പെടുകയാണ്. ഈ പ്രവണതയെ ഔപചാരിക സാമ്പത്തിക ഘടനയുടെ ഭാഗമാക്കുകയാണ് ബജറ്റ് 2026 ലക്ഷ്യമിടുന്നത്. ധനമന്ത്രി തന്റെ പ്രസംഗത്തിൽ ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്‌സ് (AVGC) മേഖല 2030 ആകുമ്പോഴേക്കും ഏകദേശം 20 ലക്ഷം പ്രൊഫഷണലുകൾ ആവശ്യമായി വരുമെന്ന കണക്കും മുന്നോട്ടുവച്ചു. ഇത് വെറും തൊഴിൽസാധ്യതയല്ല, മറിച്ച് ഇന്ത്യയുടെ ‘സോഫ്റ്റ് പവർ’ ശക്തിപ്പെടുത്താനുള്ള അവസരവുമാണ്.
ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മേഖലയുമായി ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെ ബന്ധിപ്പിക്കുന്ന സർക്കാർ നീക്കങ്ങൾ ശ്രദ്ധേയമാകുന്നത്. 15,000 സെക്കൻഡറി സ്‌കൂളുകളിലും 500 കോളേജുകളിലും AVGC കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസിന് ഇതിന്റെ നേതൃത്വപങ്ക് നൽകുന്നതിലൂടെ, സൃഷ്ടിപരമായ കഴിവുകൾ ചെറുപ്പത്തിലേ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്യാനുള്ള ഒരു സ്ഥാപനപരമായ ചട്ടക്കൂടാണ് സർക്കാർ രൂപപ്പെടുത്തുന്നത്. ഇതോടെ, കണ്ടന്റ് സൃഷ്ടി ഒരു ‘ഹോബിയായി’ അല്ല, മറിച്ച് ഒരു പ്രൊഫഷണൽ കരിയർ പാതയായി മാറാൻ സാധ്യതയുണ്ട്.

