മലപ്പുറം: അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ട്. ഇതിന്റെ ഭാഗമായി പൊന്നാനിയിൽ ഓഫീസ് തുറന്നു. രാവിലെ ഒന്പതിന് ശ്രീധരന്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു.
തന്റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനുമാണ് ആദ്യഘട്ടമെന്ന നിലയിൽ ഓഫീസ് ഉപയോഗിക്കുകയെന്ന് ശ്രീധരൻ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങളിലേക്കു പദ്ധതിയുടെ വിശദാംശങ്ങളുമായി ഇറങ്ങാനാണ് തീരുമാനം. ഫെബ്രുവരി 15 മുതൽ യോഗങ്ങൾ നടത്തും. ആദ്യ യോഗങ്ങൾ മലപ്പുറത്തായിരിക്കും. പദ്ധതി പ്രകാരം ട്രെയിൻ കടന്നുപോകുന്ന മറ്റ് ജില്ലകളിലും യോഗം നടത്തി കാര്യങ്ങൾ വിശദീകരിക്കും. ഡിപിആർ തയാറാക്കാൻ 13 കോടി രൂപ ആവശ്യപ്പെട്ടതായും വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം തേടുമെന്നും ശ്രീധരൻ പറഞ്ഞു.
“നമ്മൾ എന്തു ചെയ്യുന്പോഴും നാട്ടുകാർക്ക് ഉപദ്രവമുണ്ടാകരുത്. ജനങ്ങളെ പൂർണമായും വിശ്വസത്തിലെടുത്തു മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ. ആളുകളുടെ സ്വത്ത് പരമാവധി സംരക്ഷിച്ചുകൊണ്ടാകും പദ്ധതി നടപ്പാക്കുക. ജോലിക്കായി ജീവനക്കാർ ഒരോരുത്തരായി എത്തിച്ചേരും. അവർക്കാവശ്യമായ നിർദേശം നൽകും”-ശ്രീധരൻ പറഞ്ഞു.

