ന്യൂഡൽഹി: രാഷ്ട്രപതി ഭരണം ഒരുവർഷം പൂർത്തിയാകുന്ന ഈ മാസം 13നു മുന്‍പ് മണിപ്പുരിൽ വീണ്ടും ജനകീയ സർക്കാർ അധികാരത്തിലെത്തിയേക്കും. ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരുമായി ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വം നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് അതിവേഗ നീക്കം.
നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്രനിരീക്ഷകനായി ദേശീയ സെക്രട്ടറി തരുൺ ചുഗിനെ ബിജെപി പാർലമെന്ററി ബോർഡ് നിയോഗിച്ചു. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയത്. മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, സ്പീക്കര്‍ സത്യബ്രത സിംഗ്, മുന്‍മന്ത്രി വൈ. ഖേംചന്ദ് സിംഗ്, ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എംഎൽഎമാർ തലസ്ഥാനത്ത് എത്തിയത്.
60 അംഗ നിയമസഭയ്ക്ക് 2027 വരെ കാലാവധിയുണ്ട്. കലാപം രൂക്ഷമായതിനെത്തുടർന്ന് നിയമസഭ മരവിപ്പിക്കുകയും രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും ചെയ്തതോടെ കഴിഞ്ഞവർഷം ഫെബ്രുവരി ഒമ്പതിനാണ് എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമൊഴിഞ്ഞത്. ഫെബ്രുവരി 13ന് ആറുമാസത്തേക്ക് ആദ്യം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ മെയ്തേയ്, കുക്കി വിഭാഗത്തില്‍പ്പെട്ട എംഎല്‍എമാരുമായി ബിജെപി കേന്ദ്രനേതൃത്വം പലതവണ ചര്‍ച്ച നടത്തിയിരുന്നു. സഖ്യകക്ഷികളായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എമാരെയും കണ്ടു. കുക്കി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ സർക്കാരിൽ പങ്കാളികളാകാൻ വിസമ്മതിക്കുന്നതായിരുന്നു സർക്കാർ രൂപീകരണത്തിന് ഇതുവരെയുണ്ടായിരുന്ന പ്രധാനതടസം.

