ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാരക്കരാറിനെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ സ്വാഗതം ചെയ്തു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചുകൊണ്ടുള്ള ഈ കരാർ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ കരുത്താകുമെന്ന് അവർ പറഞ്ഞു. ഇരു ജനാധിപത്യ രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഒരുപോലെ ഗുണകരമാകുന്ന ഈ ചരിത്രപരമായ നീക്കം സാമ്പത്തിക ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചകൾക്ക് ശേഷമാണ് കരാർ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്നും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നത് വലിയ ബഹുമതിയാണെന്നും ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് താരിഫ് കുറയ്ക്കാൻ തീരുമാനിച്ചതെന്നും ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

