രാജ്യത്തെ ബോയിങ് 787 വിമാനങ്ങളിൽ കർശനമായ സുരക്ഷാ പരിശോധനകൾ നടത്തണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ആവശ്യപ്പെട്ടു. വിമാനങ്ങളുടെ ഇലക്ട്രിക്കൽ സിസ്റ്റം, ഫ്യുവൽ കൺട്രോൾ സ്വിച്ച് എന്നിവ അടിയന്തരമായി പരിശോധിക്കണമെന്ന് എഫ്.ഐ.പി തലവൻ ക്യാപ്റ്റൻ സി.എസ്. രൺധാവ പറഞ്ഞു. വിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ബേയിലേക്ക് വെള്ളം ഇറങ്ങാൻ സാധ്യതയുണ്ടെന്നും ഇത് ഗുരുതരമായ വൈദ്യുത തകരാറുകൾക്ക് കാരണമാകുമെന്നുമാണ് പൈലറ്റുമാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വർഷം ജൂൺ 12-ന് നടന്ന അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ശക്തമായത്. 260 പേരുടെ ജീവൻ നഷ്ടപ്പെട്ട ആ അപകടത്തിന് കാരണം ബോയിങ് 787-8 വിമാനത്തിലെ ഫ്യുവൽ കൺട്രോൾ സ്വിച്ചിനുണ്ടായ തകരാറാണെന്ന റിപ്പോർട്ടുകൾ സംഘടന ഓർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസം ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ വിമാനം ഇന്ധന സ്വിച്ചിലെ സമാനമായ തകരാറിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ധന സ്വിച്ച് ‘റൺ’ മോഡിൽ നിന്നും തനിയെ ‘കട്ട് ഓഫ്’ മോഡിലേക്ക് മാറുന്നതാണ് പ്രധാന വില്ലനായി മാറുന്നത്.
സംഭവം ഗൗരവകരമായി കണ്ട ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, എല്ലാ എയർ ഇന്ത്യ ബോയിങ് വിമാനങ്ങളിലും അടിയന്തര പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ആവർത്തിച്ചുണ്ടാകുന്ന ഇത്തരം സാങ്കേതിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നുമാണ് പൈലറ്റുമാരുടെ ആവശ്യം. വിമാന സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർക്കശമാക്കുന്നതിലൂടെ മാത്രമേ ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ എന്നും എഫ്.ഐ.പി വ്യക്തമാക്കി.

