പൗരന്മാരുടെ സ്വകാര്യതയിൽ കളിക്കണ്ട! വാട്ട്‌സ്ആപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ വാട്ട്‌സ്ആപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കുമെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. സാങ്കേതികവിദ്യയുടെയോ ബിസിനസ് താല്പര്യങ്ങളുടെയോ പേരിൽ രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതാ അവകാശങ്ങൾ ലംഘിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡാറ്റ പങ്കിടലിന്റെ പേരിൽ ജനങ്ങളുടെ സ്വകാര്യതയുമായി കളിക്കാൻ കമ്പനികൾക്ക് അവകാശമില്ലെന്നും ചൊവ്വാഴ്ച കേസ് പരിഗണിക്കവെ കോടതി ഓർമ്മിപ്പിച്ചു.

വാട്ട്‌സ്ആപ്പിന്റെ ‘എടുക്കുക അല്ലെങ്കിൽ വിടുക’ എന്ന സ്വകാര്യതാ നയത്തെ കോടതി സസൂക്ഷ്മം നിരീക്ഷിച്ചു. ഉപയോക്താക്കളുടെ സമ്മതത്തോടെയാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്ന മെറ്റയുടെ വാദത്തെ കോടതി തള്ളി. പലപ്പോഴും പൗരന്മാർക്ക് മനസ്സിലാകാത്ത വിധം സമർത്ഥമായാണ് ഇത്തരം നയങ്ങൾ തയ്യാറാക്കുന്നതെന്നും, വിവരങ്ങൾ കൈക്കലാക്കാൻ കമ്പനികൾ കണ്ടെത്തുന്ന മാന്യമായ മാർഗമാണ് ‘ഒഴിവാക്കൽ സംവിധാനങ്ങൾ’ എന്നും കോടതി പരിഹസിച്ചു. സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനെ ന്യായീകരിക്കാൻ ഇത്തരം വാദങ്ങൾക്കൊന്നും കഴിയില്ലെന്ന് കോടതി അടിവരയിട്ടു പറഞ്ഞു.

വാട്ട്‌സ്ആപ്പിന്റെ 2021-ലെ നയപരിഷ്കാരം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുന്നതാണെന്ന് നേരത്തെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സിസിഐ ചുമത്തിയ 213.14 കോടി രൂപ പിഴ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ മെറ്റ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഇടപെടൽ. പരസ്യ ആവശ്യങ്ങൾക്കായി മറ്റ് മെറ്റാ പ്ലാറ്റ്‌ഫോമുകളുമായി ഡാറ്റ പങ്കിടാൻ ഉപയോക്താക്കളെ നിർബന്ധിക്കുന്നത് ചൂഷണമാണെന്ന് ട്രൈബ്യൂണലും നിരീക്ഷിച്ചിരുന്നു.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെ കൂടി കോടതി ഈ കേസിൽ കക്ഷിയാക്കി. ഫെബ്രുവരി 9-ന് കേസിൽ സുപ്രധാനമായ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു. ഡിജിറ്റൽ യുഗത്തിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ കേസിന്റെ വിധി നിർണ്ണായകമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *