മെൽബൺ: രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ ഓസ്ട്രേലിയൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ചൊവ്വാഴ്ച ചേർന്ന ഈ വർഷത്തെ ആദ്യ പണനയ യോഗത്തിൽ പലിശ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു. ഇതോടെ രാജ്യത്തെ പുതുക്കിയ ഔദ്യോഗിക പലിശ നിരക്ക് 3.85 ശതമാനമായി ഉയർന്നു. 2023 നവംബറിന് ശേഷം ആദ്യമായാണ് രാജ്യത്ത് പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം നടപ്പിലാക്കിയ മൂന്ന് പലിശ കുറയ്ക്കലുകൾക്ക് ശേഷമുള്ള ഈ പെട്ടെന്നുള്ള വർദ്ധനവ് സാമ്പത്തിക മേഖലയെ അമ്പരപ്പിച്ചിട്ടുണ്ട്. ഡിസംബറിലെ കണക്കനുസരിച്ച് പണപ്പെരുപ്പ നിരക്ക് 3.8 ശതമാനമായി ഉയർന്നതാണ് ബാങ്കിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. റിസർവ് ബാങ്കിന്റെ ലക്ഷ്യമായ 2-3 ശതമാനത്തിന് മുകളിലാണ് നിലവിൽ പണപ്പെരുപ്പമെന്നും ഇത് നിയന്ത്രണവിധേയമാക്കാൻ നിരക്ക് വർദ്ധന അനിവാര്യമാണെന്നും ആർബിഐ ഗവർണർ മിഷേൽ ബുള്ളക് വ്യക്തമാക്കി.
ഈ തീരുമാനം ഭവനവായ്പ എടുത്ത ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയ തിരിച്ചടിയാകും. പലിശ നിരക്ക് വർദ്ധിച്ചതോടെ പ്രതിമാസ തിരിച്ചടവ് തുക (EMI) ഗണ്യമായി വർദ്ധിക്കും. പലിശ വർദ്ധനവ് സാധാരണക്കാർക്ക് “ബുദ്ധിമുട്ടുള്ള വാർത്ത” ആണെന്ന് ട്രഷറർ ജിം ചാൽമേഴ്സ് പ്രതികരിച്ചു. വരും മാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞില്ലെങ്കിൽ ഇനിയും പലിശ വർദ്ധിപ്പിക്കേണ്ടി വരുമെന്ന സൂചനയും ബാങ്ക് നൽകിയിട്ടുണ്ട്

