ഇന്ത്യ-യുഎസ് വ്യാപാര കരാർ: പാർലമെന്റിൽ വൻ പ്രതിഷേധം; 8 എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. കരാറിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾ ബലികഴിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തി. ബഹളത്തെത്തുടർന്ന് ലോക്‌സഭയിൽ നിന്ന് 8 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു.

ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെയുള്ള എട്ട് പ്രതിപക്ഷ എംപിമാരെയാണ് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും സസ്പെൻഡ് ചെയ്തത്.പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയെന്നും ഇന്ത്യൻ കർഷകരുടെ രക്തവും വിയർപ്പും അമേരിക്കയ്ക്ക് വിറ്റുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. റഷ്യൻ എണ്ണ ഇറക്കുമതി നിർത്താനുള്ള തീരുമാനം ഇന്ത്യയുടെ ‘തന്ത്രപരമായ സ്വയംഭരണത്തെ’ (Strategic Autonomy) ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കരാർ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്താകുമെന്നും അമേരിക്ക ചുമത്തിയിരുന്ന ഉയർന്ന താരിഫ് 18 ശതമാനമായി കുറഞ്ഞത് ചരിത്രപരമായ നേട്ടമാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള കരാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഊർജ്ജ-സാങ്കേതിക ഉൽപ്പന്നങ്ങൾ വാങ്ങുമെന്നും റഷ്യൻ എണ്ണ ഒഴിവാക്കുമെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്.

കരാറിലെ വിശദാംശങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യുന്നതിന് മുൻപ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമില്ലാത്ത പ്രവേശനം ലഭിക്കുമെന്ന റിപ്പോർട്ടുകൾ കർഷകർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *