ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ ആഭ്യന്തര വിപണിയിൽ ആവേശം ഇരട്ടിക്കുന്നു. കരാർ പ്രകാരം ഏകദേശം നാല് ലക്ഷം കോടി രൂപയുടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഇനി മുതൽ പൂജ്യം ശതമാനം തീരുവ മാത്രമേ ചുമത്തുകയുള്ളൂ. ഇത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പേകും.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ കൂടുതൽ വിപണി തുറന്നുകൊടുക്കുമ്പോഴും, രാജ്യത്തെ കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ കടുത്ത നിബന്ധനകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന കാർഷിക ഉത്പന്നങ്ങളായ അരി, ഗോതമ്പ്, ചോളം, മറ്റ് ധാന്യങ്ങൾ, സോയ, ഇറച്ചി എന്നിവയ്ക്ക് ഇന്ത്യ പ്രത്യേക സംരക്ഷണം നൽകും. ഈ ഉത്പന്നങ്ങളുടെ കാര്യത്തിൽ തദ്ദേശീയ കർഷകർക്ക് ദോഷകരമാകുന്ന വിട്ടുവീഴ്ചകൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

