ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വിവാദമായ വോട്ടർ പട്ടിക പുതുക്കൽ (SIR – Special Intensive Revision) നടപടികൾക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒരു സിറ്റിംഗ് മുഖ്യമന്ത്രി സുപ്രീം കോടതിയിൽ നേരിട്ടെത്തി വാദങ്ങൾ അവതരിപ്പിക്കുന്നത് രാജ്യത്തെ ആദ്യ സംഭവമായി മാറും.
നിയമ ബിരുദധാരിയായ മമത ബാനർജി, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് തന്റെ വാദങ്ങൾ നേരിട്ട് ഹാജരായി ബോധിപ്പിക്കാൻ കോടതിയുടെ അനുമതി തേടും. ഇതിനായി പ്രത്യേക അനുമതി പത്രം (Interim Application) ഫയൽ ചെയ്തിട്ടുണ്ട്.ബംഗാളിൽ ഏകദേശം 58 ലക്ഷം വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്തതായാണ് റിപ്പോർട്ട്. ഇത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് മമത ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയിരുന്നു. കമ്മീഷണർ തന്നെ അപമാനിച്ചുവെന്നാണ് മമതയുടെ ആരോപണം.മരിച്ചവർ എന്ന് രേഖപ്പെടുത്തി വോട്ടർമാരെ ഒഴിവാക്കുന്നുവെന്നും, ഇതിന്റെ പേരിൽ 140-ഓളം മരണങ്ങൾ നടന്നുവെന്നും മമത കുറ്റപ്പെടുത്തി. തനിക്ക് പറയാനുള്ളത് രാജ്യം കേൾക്കണമെന്നും അതുകൊണ്ടാണ് കോടതിയിൽ നേരിട്ടെത്തുന്നതെന്നും അവർ വ്യക്തമാക്കി.
ഇസഡ് പ്ലസ് (Z+) കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി കോടതിയിലെത്തുന്നതിനാൽ സുപ്രീം കോടതി പരിസരത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

