യു.ഡി.എഫിന്റെ ‘പുതുയുഗയാത്ര’ ആറിന് കുമ്പളയിൽ നിന്ന്; കേരളത്തിൽ ഭരണമാറ്റത്തിന് ലക്ഷ്യമിട്ട് ജനമുന്നേറ്റം

കാസർകോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് അണികളെ സജ്ജമാക്കാനും സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’ ഫെബ്രുവരി ആറിന് തുടക്കമാകും. കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്നാണ് യാത്ര പ്രയാണം ആരംഭിക്കുന്നത്. വൈകിട്ട് നാലിന് കുമ്പള ടൗണിൽ നടക്കുന്ന ചടങ്ങിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. യാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി ഏഴിന് കാസർകോട് മണ്ഡലത്തിൽ യാത്രയ്ക്ക് വൻ സ്വീകരണം നൽകും.

കേരളത്തിലുടനീളം സഞ്ചരിക്കുന്ന യാത്രയിൽ എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുമായി വികസന വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കും. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന കാഴ്ചപ്പാടുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളുടെയും സംസ്ഥാന നേതാക്കൾ വിവിധ ഘട്ടങ്ങളിൽ യാത്രയുടെ ഭാഗമാകും. തുടർന്നുള്ള ദിവസങ്ങളിൽ ഒരു ദിവസം അഞ്ച് മണ്ഡലങ്ങളിൽ വീതം പര്യടനം നടത്തി മാർച്ച് ആറിന് യാത്ര സമാപിക്കും.

എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മൂലം കേരളം വികസനകാര്യത്തിൽ പിന്നാക്കം പോയെന്ന് യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. കേരളത്തിന്റെ സകല മൂല്യങ്ങളും തകർത്ത സർക്കാരിനെതിരായ ജനവികാരം അതിശക്തമാണെന്നും രാഷ്ട്രീയമായി ഈ യാത്രയ്ക്ക് വലിയ പ്രസക്തിയുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. യു.ഡി.എഫ് ഭരണത്തിലേക്കുള്ള വലിയൊരു ജനമുന്നേറ്റമായി ഈ യാത്ര മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് നടന്ന പത്രസമ്മേളനത്തിൽ യു.ഡി.എഫ്. ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. യാത്രയുടെ ഭാഗമായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *