പെർത്ത് റാലിക്കിടെ ബോംബേറ്: 31-കാരനെതിരെ ഭീകരവാദ കുറ്റം ചുമത്തി

പെർത്ത്: കഴിഞ്ഞ മാസം 26-ന് പെർത്തിൽ നടന്ന റാലിക്കിടെ നാടൻ ബോംബ് എറിഞ്ഞ സംഭവത്തിൽ 31-കാരനായ യുവാവിനെതിരെ ഭീകരവാദ കുറ്റം ചുമത്തി. വെസ്റ്റേൺ ഓസ്‌ട്രേലിയൻ ജോയിന്റ് കൗണ്ടർ ടെററിസം ടീം ആണ് പ്രതിക്കെതിരെ കർശന നടപടി സ്വീകരിച്ചത്. സംഭവത്തിന് ശേഷം വെറും 40 മിനിറ്റിനുള്ളിൽ തന്നെ വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്, എ.എഫ്.പി , എ.എസ്.ഐ.ഒ എന്നിവരടങ്ങുന്ന പ്രത്യേക ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തിരുന്നു.

തദ്ദേശീയ ജനവിഭാഗങ്ങൾ നടത്തിയ റാലിക്ക് നേരെയായിരുന്നു അക്രമം. സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ടോണി ബർക്ക്, തദ്ദേശീയ ജനകാര്യ മന്ത്രി മലാൻഡിറി മക്കാർത്തി, പാട്രിക് ഗോർമാൻ എന്നിവർ സംയുക്ത പ്രസ്താവന ഇറക്കി. “ഓസ്‌ട്രേലിയയിലെ തദ്ദേശീയരായ ജനങ്ങൾക്ക് സമാധാനപരമായി ഒത്തുചേരാനുള്ള എല്ലാ അവകാശവുമുണ്ട്. വംശീയതയ്ക്കും അക്രമത്തിനും നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല,” എന്ന് മന്ത്രിമാർ വ്യക്തമാക്കി.

പ്രതിക്ക് തീവ്രവാദ ചിന്താഗതികളുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇത്തരം അക്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സർക്കാരിന്റേതെന്ന് അധികൃതർ അറിയിച്ചു. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നാഷണൽ സെക്യൂരിറ്റി ഹോട്ട്‌ലൈനിൽ (1800 123 400) വിവരമറിയിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *