ഡാലി റിവറിൽ വൻ പ്രളയസാധ്യത; നൗയു ഗ്രാമത്തിൽ നിന്ന് 450 പേരെ ഒഴിപ്പിച്ചു

ഡാർവിൻ: കനത്ത മഴയെത്തുടർന്ന് ഡാലി നദിയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നതോടെ നോർത്തേൺ ടെറിട്ടറിയിലെ വിദൂര ഗ്രാമങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൗയു (Nauiyu), ഡാലി റിവർ (Daly River) എന്നീ പ്രദേശങ്ങളിൽ വൻ പ്രളയത്തിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് 450-ഓളം പേരെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ 500 മില്ലീമീറ്ററോളം മഴയാണ് ലഭിച്ചത്. നദിയിലെ ജലനിരപ്പ് 14 മീറ്ററിലും മുകളിൽ എത്താൻ സാധ്യതയുള്ളതിനാലാണ് സർക്കാർ ഒഴിപ്പിക്കൽ നടപടികൾ ഊർജ്ജിതമാക്കിയത്.

ആദ്യം 200 പേരെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സ്ഥിതിഗതികൾ മോശമായതോടെ കൂടുതൽ പേരെ മാറ്റുകയായിരുന്നു. പ്രത്യേക ബസ്സുകളിലായി ഡാർവിനിലെത്തിച്ച ഇവർക്കായി ഡാർവിൻ ഷോ ഗ്രൗണ്ടിലെ ഫോസ്‌കി പവലിയനിൽ (Foskey Pavilion) താത്കാലിക അഭയകേന്ദ്രം ഒരുക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തോടൊപ്പം മേഖലയിൽ മുതലകളുടെ ശല്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും പോലീസ്, ഫയർ ഫോഴ്സ്, എമർജൻസി സർവീസുകൾ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും ഇൻസിഡന്റ് കൺട്രോളർ ഡേവിഡ് മൂർ അറിയിച്ചു. നിലവിൽ മേഖലയിൽ ‘വാച്ച് ആൻഡ് ആക്ട്’ (Watch and Act) മുന്നറിയിപ്പ് തുടരുകയാണ്. ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *