യുവാക്കളെ കാറിടിച്ച് തെറിപ്പിച്ച സംഭവം; മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം വഴുതക്കാട് ബൈക്ക് യാത്രികരെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രമുഖ നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. അപകടമുണ്ടാക്കിയ വോൾവോ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.

ജീവഹാനി വരുത്തുന്ന രീതിയിൽ അലക്ഷ്യമായി വാഹനമോടിച്ചു, അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ട അധികൃതരെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അപകടം നടന്ന സമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് മണിയൻപിള്ള രാജു പോലീസിനോടും മാധ്യമങ്ങളോടും സമ്മതിച്ചു. അമിതവേഗത്തിലെത്തിയ ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നുവെന്നും അപകടം നടന്ന ഉടനെ താൻ പരിഭ്രമിച്ചു പോയതുകൊണ്ടാണ് വാഹനം നിർത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എങ്കിലും ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് സൗകര്യം ഏർപ്പാടാക്കാൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാത്രി 10.30 ഓടെ ട്രിവാൻഡ്രം ക്ലബിന് സമീപമായിരുന്നു അപകടം നടന്നത്. പരിക്കേറ്റ ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. സൂരജിന്റെ തുടയെല്ലിന് പൊട്ടലുണ്ട്. കാലിന് ഒടിവു സംഭവിച്ച നിദേവിനെയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മണിയൻപിള്ള രാജു മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *