സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശനത്തിന് മുന്നോടിയായി ന്യൂ സൗത്ത് വെയിൽസിൽ (NSW) അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന സന്ദർശനത്തിന്റെ ഭാഗമായി സിഡ്‌നി നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസിന് വിപുലമായ പ്രത്യേക അധികാരങ്ങൾ നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ഡിസംബറിൽ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കർശന നടപടി.
നാല് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഫെഡറൽ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്ക് പുറമെ, ബോണ്ടി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും ഹെർസോഗ് സന്ദർശിക്കും. സന്ദർശനത്തോടനുബന്ധിച്ച് 2009-ലെ ‘മേജർ ഇവന്റ് ആക്ട്’ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിഡ്‌നി സിബിഡി (CBD), ഈസ്റ്റേൺ സബർബുകൾ എന്നിവിടങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആരെയും ദേഹപരിശോധന നടത്താനും ആവശ്യമെങ്കിൽ നീക്കം ചെയ്യാനും പോലീസിന് അധികാരമുണ്ടാകും. നിയമലംഘകർക്ക് 5500 ഡോളർ വരെ പിഴ ചുമത്തും.
ഏകദേശം 3000-ത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുന്നത്. ഇതിൽ 500 പേരെ പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനായി മാത്രം പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. 2025 ഡിസംബർ 14-ന് ബോണ്ടി ബീച്ചിലെ ഹനൂക്കാ ആഘോഷങ്ങൾക്കിടെ നടന്ന ഐഎസ് (ISIS) ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജൂത സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതാണ് ഹെർസോഗിന്റെ പ്രധാന ലക്ഷ്യം.
ഗാസയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പലസ്തീൻ അനുകൂല സംഘടനകൾ സന്ദർശനത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ടൗൺ ഹാളിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം. പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്നും എന്നാൽ അത് സമാധാനപരമായിരിക്കണമെന്നും പ്രീമിയർ ക്രിസ് മിൻസ് വ്യക്തമാക്കി. അതേസമയം, പോലീസിന് അമിതാധികാരങ്ങൾ നൽകുന്നതിൽ മനുഷ്യാവകാശ പ്രവർത്തകരും ചില എംപിമാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്

